വയനാട് പഞ്ചാരക്കൊല്ലിയിലെ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നരഭോജിക്കടുവയെ ഒടുവില്‍ ചത്തനിലയില്‍ ദൗത്യസംഘം കണ്ടെത്തി. രാധ എന്ന സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയെന്ന് ചത്തതെന്ന് സ്ഥിരീകരിച്ചു. 38 നീരീക്ഷണ കാമറകളില്‍ പതിഞ്ഞ അതേ കടുവ തന്നെയാണ് ചത്തുകിടന്നതെന്ന് ദൗത്യസംഘം വ്യക്തമാക്കി. ഇതോടെ നാടിന്‍റെ ഭീതിയകന്നു.
ഇനി കടുവയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളടക്കം മുന്നിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായുള്ള ടേബിള്‍ അടുത്തുള്ള ലാബില്‍ നിന്ന് എത്തിച്ചു. നാഷണല്‍ ടൈഗര്‍ റിസര്‍വിന്‍റെ ചട്ടങ്ങള്‍ പാലിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പാടുള്ളൂ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മണിക്കൂറുകള്‍ നീളും. ആന്തരിക അവയവങ്ങളുടേതടക്കം പലതരം സാമ്പിളുകള്‍ പല രീതിയില്‍ എടുക്കേണ്ടതുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ചിത്രീകരിക്കുകകയും ചെയ്യും. അത് കോടതിയില്‍ ഹാജരാക്കുകയും വേണം.
മരണകാരണം കണ്ടെത്തുകയാണ് പ്രധാനം. കടുവയുടെ ശരീരത്തിലെ മുറിവുകള്‍ മറ്റ് കടുവകളുമായി ഏറ്റുമുട്ടലിലുണ്ടായതാണെന്ന് ദൗത്യസംഘം പറയുന്നു. അങ്ങനെയെങ്കില്‍ ഏറ്റുമുട്ടല്‍ നടന്നതിനുള്ള തെളിവുകള്‍ വേണം. ഇതിനായി വിശദമായ സാമ്പിള്‍ കടുവയെ കണ്ടെത്തിയ സ്ഥലത്തും സമീപത്തുനിന്നുമായി കണ്ടെത്തണം.
പിലാക്കാവില്‍ റോഡിന്‍റെ ഓരത്ത് വീടുകള്‍ക്കടുത്താണ് രാത്രി കടുവയെ കണ്ടത്. മയക്കുവെടി വച്ചെങ്കിലും കടുവ ഓടിമാറിയതായി ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ പറഞ്ഞു. കടുവയെ കൊല്ലാനായി വെടിവച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബേസ് ക്യാംപിലെത്തിച്ച കടുവയുടെ ജഡം പ്രാഥമിക പരിശോധന നടത്തിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കുപ്പാടിയിലേക്ക് എത്തിച്ചു.
നാല് ദിവസത്തിനിടെ രണ്ടു തവണയാണ് കടുവ മനുഷ്യനെ ആക്രമിച്ചത്. രാധ എന്ന സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവ ഇന്നലെ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥന്‍ ജയസൂര്യയുടെ മേല്‍ ചാടിവീണിരുന്നു. തലനാരിഴയ്ക്കാണ് ജയസൂര്യ രക്ഷപ്പെട്ടത്. പിന്നീലൂടെ ആക്രമിച്ച കടുവയെ ഷീല്‍ഡ്കൊണ്ട് തടയുകയായിരുന്നു. കടുവയുടെ നഖം കൊണ്ട് അദ്ദേഹത്തിന്‍റെ വലതുകൈയ്ക്ക് പരുക്കേറ്റ് ചികിത്സയിലാണ്. ഷാർപ് ഷൂട്ടർമാരടക്കമുള്ള സംഘമാണ് ദൗത്യത്തിന്‍റെ ഭാഗമായത്. ചട്ടങ്ങൾ പറഞ്ഞു വൈകിപ്പിക്കാതെ കടുവയെ വെടിവച്ചു കൊല്ലണമെന്ന മുഖ്യമന്ത്രിയുടെ നിർദേശവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കടുവയെ കണ്ടാൽ വെടിവച്ചു കൊല്ലുന്ന നടപടിയിലേക്ക് വനംവകുപ്പ് കടന്നത്.