മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും എസ്.എഫ്,ഐയും തമ്മിലുള്ള പൊരിഞ്ഞപോരാട്ടത്തിന്‍റെ നാളുകള്‍. എസ്.എഫ്.ഐക്കാരെ നേരിടാന്‍ റോഡില്‍ കുത്തിയിരുന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര സുരക്ഷ ചോദിച്ച് വാങ്ങിയത്. രാജ്ഭവനില്‍ തോക്കുമായി സി.ആര്‍.പി.എഫ്–ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് മുന്നിലും പിന്നിലും കേന്ദ്ര സേന–ഈ സുരക്ഷാവലയത്തിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷം കേരള ഗവര്‍ണര്‍. ആരിഫ് ഖാന് പകരം രാജേന്ദ്ര അര്‍ലേക്കറെത്തിയതോടെ കഥയാകെ മാറി.
ആരിഫ് മുഹമ്മദ് ഖാന്‍റെ സമയത്ത് രാജ്ഭവന് മുന്നിലെത്തിയാല്‍ പൊലീസ് ബസ് ഇവിടെ സ്ഥിരം കാവലുണ്ടായിരുന്നു. അധികമായെത്തുന്ന പൊലീസിന് വിശ്രമിക്കാനൊരുക്കിയ സൗകര്യമായിരുന്നു ഇത്. ഇത് രണ്ടും ഇന്നില്ല. ഗേറ്റില്‍ സുരക്ഷയൊരുക്കുന്നത് പൊലീസിന്‍റെ വിവിധ ക്യാംപുകളില്‍ നിന്നുള്ളവരാണ്. അങ്ങിനെ മൊത്തത്തില്‍ ശാന്തമാണ് രംഗം
ആരിഫ് മുഹമ്മദ് ഖാനോട് മിണ്ടാതിരുന്ന പിണറായി വിജയന്‍, രാജേന്ദ്ര അര്‍ലേക്കറുടെ വസതിയിലെത്തി രണ്ട് തവണ ആതിഥ്യം സ്വീകരിച്ചു. ഒരുമിച്ച് നടക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. നല്ല ഗവര്‍ണറെന്ന് എം.വി.ഗോവിന്ദന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. എസ്.എഫ്.ഐ പ്രതിഷേധവുമായി ഈ വഴക്ക് വന്നിട്ടില്ല. അങ്ങിനെ ഗവര്‍ണര്‍–സര്‍ക്കാര്‍ ബന്ധത്തില്‍ വെടിനിര്‍ത്തലായതോടെയാണ് കേന്ദ്രസുരക്ഷയുടെ ആവശ്യമില്ലെന്ന് തീരുമാനിച്ചത്.
രാജ്ഭവനിലുണ്ടായിരുന്ന 42 സി.ആര്‍.പി.എഫ് അംഗങ്ങളെ തിരിച്ചുവിളിച്ചു. 10 വണ്ടികളുടെ അകമ്പടി 8 ആയി കുറച്ചു. അങ്ങിനെ മുഖ്യമന്ത്രിയുടെ പൊലീസിന്‍റെ സുരക്ഷയില്‍ ഗവര്‍ണര്‍ സംതൃപ്തനാണ്.