kerala-cm-governor-delhi-dinner-meeting

രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായി കേരളത്തിലെ എംപിമാർ മുന്നോട്ടുപോകണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അഭ്യർത്ഥിച്ചു. കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് താനും ബോധവാനാണ്. ഈ പ്രശ്നങ്ങളും  ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നിൽ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവർണർ വാഗ്ദാനം ചെയ്തു.

 ടീം കേരളയോടൊപ്പം കേരള ഗവർണറും ഉണ്ട് എന്നത് ആഹ്ലാദകരവും ആവേശകരമാണെന്നും ഇത് ഒരു പുതിയ തുടക്കമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ വികാരത്തോടെ മുന്നോട്ടു പോകാൻ നമുക്ക് ആവട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പൊതുവായ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേടിയെടുക്കുന്നതിനും സംസ്ഥാനത്തിന്റെ പ്രതിസന്ധികളെയും ആവശ്യങ്ങളെയും വിശദമായി മനസിലാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനുമായും കേരളത്തില്‍ നിന്നുള്ള എംപിമാരുമായും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ന്യൂഡല്‍ഹി കേരളഹൗസില്‍  നടത്തിയ കൂടിക്കാഴ്ചയിലാണ് ഗവർണറും മുഖ്യമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്‌നങ്ങളെ രാഷ്ട്രീയവത്ക്കരിക്കാതെ എല്ലാവരും ഒന്നിച്ചുനിന്ന് ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ഗവര്‍ണര്‍ യോഗം വിളിച്ചത്. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ആദ്യമാണ്.

കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അത്താഴ വിരുന്നും ഗവര്‍ണര്‍ ഒരുക്കിയിരുന്നു. കൂടിക്കാഴ്ചയില്‍ സംസാരിച്ച എംപിമാരുടെ  ഉള്‍ക്കാഴ്ചയുള്ള കാഴ്ചപ്പാടുകള്‍ക്ക് ഗവര്‍ണര്‍ നന്ദി പറഞ്ഞു. 

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗങ്ങളായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, എം.കെ രാഘവന്‍, ഇ.ടി മുഹമ്മദ് ബഷീര്‍, വി.കെ ശ്രീകണ്ഠന്‍, കെ.രാധാകൃഷ്ണന്‍, ഹൈബി ഈഡന്‍, കെ.സി വേണുഗോപാല്‍, ആന്റോ ആന്റണി,  ശശി തരൂര്‍, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, എൻ.കെ പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, ബെന്നി ബഹനാൻ, രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, എ.എ റഹിം, ജോസ് കെ.മാണി, ഹാരീസ് ബീരാന്‍, പി.പി സുനീര്‍, പി.വി അബ്ദുള്‍ വഹാബ്, പി.ടി ഉഷ,ഡോ.വി.ശിവദാസന്‍, ജെബി മേത്തര്‍, പി.സന്തോഷ്‌കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. ന്യൂഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു. എന്നാൽ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും വിരുന്നിൽ പങ്കെടുത്തില്ല എന്നത് ശ്രദ്ധേയമാണ്.

ENGLISH SUMMARY:

Kerala CM Pinarayi Vijayan expressed excitement over Governor Arif Mohammed Khan’s presence with "Team Kerala" at a dinner event in Delhi, calling it a new beginning. The dinner, hosted by the Governor, was attended by MPs from Kerala. The Governor assured his support in presenting Kerala’s concerns at the Centre. However, the absence of Union Ministers Suresh Gopi and George Kurian was notable.