ഇന്നലെ കലൂര്‍ പൊതുമാര്‍ക്കറ്റിന് സമീപത്തുവെച്ചാണ് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്ഐ മധുവിനെ ആക്രമിച്ചത്. ലഹരിമാഫിയ സംഘങ്ങളുടെ താവളമായ പ്രദേശത്ത് നിരീക്ഷണത്തിനെത്തിയതായിരുന്നു എഎസ്ഐ. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയായ പതിനേഴുകാരനാണ് പൊലീസ് ഉദ്യോഗസ്ഥനെ ഇടിവളകൊണ്ട് ആക്രമിച്ചത്. നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനിയോടൊപ്പമാണ് കൗമാരക്കാരനും മറ്റ് രണ്ടുപേരും സ്ഥലതെത്തിയത്. ഇവരെ നിരീക്ഷിക്കുന്നതിനിടെയായിരുന്നു കൗമാരക്കാരന്റെ ആക്രമണം. വിദ്യാര്‍ഥിനിയെ സമീപത്തെ മെട്രോ സ്റ്റേഷനിലാക്കിയ കൗമാരക്കാരന് ബൈക്കില്‍ സൂക്ഷിച്ച ഇടിവളയുമായിവന്ന് റോഡിന് മറുവശത്തു നിന്ന എഎസ്ഐയെ ഇടിച്ചുവീഴ്ത്തി. രക്ഷപ്പെട്ട ഇയാളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി.