ബോളിവുഡ് നടി ജാന്‍വി കപൂറിന്‍റെ കേരളത്തില്‍ നിന്നുള്ള ‘സാരിച്ചിത്രം’ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. സിനിമ ചിത്രീകരണത്തിനെത്തിയ ജാന്‍വി ഇടവേളയില്‍ കൊച്ചി ചുറ്റിക്കറങ്ങി. ഈ ചിത്രങ്ങളും താരം ഉടുത്ത സാരിയുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ജൂത തെരുവ്, തൃപ്പൂണിത്തുറയിലെ പൂർണത്രയീശക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. നടൻ റോഷൻ മാത്യുവും ജാൻവിക്കൊപ്പമുണ്ടായിരുന്നു.

കേരള ഡയറീസ് എന്ന ടാഗിലാണ് ജാന്‍വി ചിത്രങ്ങൾ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിദ്ധാർത്ഥ് മൽഹോത്ര നായകനാവുന്ന പരം സുന്ദരി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായാണ് ജാൻവി കപൂർ കൊച്ചിയിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഒരു കലാകാരിയുടെ വേഷത്തിലാണ് ജാൻവി ഈ ചിത്രത്തിലെത്തുന്നത്.  

കൊച്ചിയിലൂടെ കറങ്ങിനടക്കുന്ന ജാന്‍വിയുടെ ചിത്രങ്ങള്‍ക്കടിയില്‍ കേരളയാത്ര നന്നായി ആസ്വദിക്കുന്നുണ്ടല്ലേ എന്നാണ് പിതാവ് ബോണി കപൂർ കമന്‍റ്  ചെയ്തിരിക്കുന്നത്. ഫോര്‍ട്ട് പാരഗണില്‍ വച്ച് ജാന്‍വിയെ കണ്ടിരുന്നു. പക്ഷേ പെട്ടെന്ന് തിരിച്ചറിയാനായില്ല. അതുകൊണ്ട് കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനുള്ള അവസരം നഷ്ടമായി എന്നാണ് ഒരാളുടെ പ്രതികരണം.  കമന്‍റ് ബോക്സ് മലയാളികള്‍ കയ്യടക്കി എന്നുതന്നെ പറയാം.

സാരിയില്‍ കാണാന്‍ അതിസുന്ദരിയായിട്ടുണ്ട് എന്ന കമന്‍റുകള്‍ക്കിടെ ജാന്‍വി ഉടുത്തിരുന്ന സാരിയുടെ വില വിവരും പുറത്തുവന്നു. 2,47,500 രൂപയാണ് ആ സിമ്പിള്‍ ലിനന്‍ സാരിയുടെ വില. ഉടുക്കാന്‍ സുഖപ്രദമായ ഹാന്‍ഡ് എംബ്രോയ്ഡറി വര്‍ക്കുകളുള്ളതാണ് സാരി. വെളുത്ത സാരിയില്‍ നിറയെ ഇളംനിറങ്ങളുള്ള ചെറിയ റോസപ്പൂക്കളാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്.

ENGLISH SUMMARY:

Janhvi Kapoor is currently in Kerala, shooting for her upcoming movie Param Sundari. Amid her busy schedule, she took some time off to explore God's Own Country and treated her Insta family to enchanting travel diaries. Her sun-kissed pictures in a gorgeous white saree are nothing short of a visual delight.