meenakshi

TOPICS COVERED

നിലമ്പൂർ വനത്തിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മണിയുടെ ഭിന്നശേഷിക്കാരിയായ മകൾക്ക് പ്രത്യേക പഠന പദ്ധതി തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്. സെറിബ്രൽ പാൾസി ബാധിച്ച മകൾ മീനാക്ഷി അടക്കം ചോലനായ്ക്ക ഭാഷ സംസാരിക്കുന്നവരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി. ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും വഴങ്ങുന്ന ഭാഷയാണ് ദൃശ്യങ്ങളിൽ ഉപയോഗിച്ചത്.

 

സമഗ്രശിക്ഷ കേരളവും നിലമ്പൂർ ബി.ആർ.സി യും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വനത്തിൽ 30 കിലോമീറ്ററിൽ ഉള്ളിലായിരുന്നു മണിയും കുടുംബവും താമസിച്ചിരുന്നത്. മകൾ മീനാക്ഷിയുടെ ആശ്രയവും മണിയായിരുന്നു. മണിയുടെ മരണത്തോടെ പ്രതിസന്ധിയിലായ കുടുംബത്തിന് ആശ്രയമായി ഭാര്യ മാതിക്ക് വനംവകുപ്പ് താൽക്കാലിക ജോലി നൽകി.

മണിയുടെ മക്കളായ മീന, മീര എന്നിവരെ കേരള മഹിളാസമഖ്യ സൊസൈറ്റിയുടെ ഹോസ്റ്റലിൽ നിന്ന് പാലേമാട് എസ് വി എച്ച് എസ് എസിൽ വിട്ടുപഠിപ്പിക്കുന്നുണ്ട്. ഇളയ മകൻ മനുവിനെ വാരിക്കൽ ഗവ എൽപി സ്കൂളിൽ പ്രൈമറി ക്ലാസിൽ ചേർത്തിട്ടുണ്ട്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന മീനാക്ഷിക്ക് മലയാളഭാഷ അറിയാത്തതിനാൽ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 30 ടോക്കിങ് ടെസ്റ്റുകൾ ചോല നായ്ക്ക ഭാഷയിൽ തയ്യാറാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Following the death of tribal youth Mani in a wild elephant attack in the Nilambur forest, the education department has designed a special study program for his differently-abled daughter, Meenakshi, who suffers from cerebral palsy. The initiative targets children like Meenakshi who speak the Cholanaikkan language.