അടിമുടി ദുരൂഹത നിറഞ്ഞ അതിദാരുണ സംഭവമാണ് ഇന്ന് രാവിലെ തിരുവനന്തപുരം ബാലരാമപുരത്ത് നടന്നത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന പിഞ്ഞുകുഞ്ഞിനെ വീടിനു പിന്നിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം നാടിനെ നടുക്കി. കട്ടിലില്‍ കിടന്നുറങ്ങിയ ദേവേന്ദു എന്ന രണ്ടുവയസ്സുകാരി എങ്ങനെ കിണറ്റിലെത്തി എന്നതാണ് ഗൗരവമുള്ള ചോദ്യം. കുഞ്ഞ് നടന്ന് കിണറിനരികിലേക്ക് എത്താനുള്ള സാധ്യത വിരളമാണ്. മാത്രമല്ല കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയ കിണര്‍ ഉയരത്തില്‍ കെട്ടിപ്പൊക്കിയതുമാണ്. ALSO READ; അമ്മയ്ക്കൊപ്പം ഉറങ്ങി,അച്ഛനൊപ്പം കിടന്നത് അറിഞ്ഞില്ല; കുഞ്ഞുമോളെ ഉറക്കത്തില്‍ കിണറ്റിലിട്ട ക്രൂരത
അമ്മയ്ക്കൊപ്പം കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ അച്ഛന്‍റെ അരികിലേക്ക് മാറ്റി കിടത്തിയിരുന്നു. മൂത്ത കുട്ടിയുമായി അമ്മ ശുചിമുറിയില്‍ പോയി തിരികെ വന്നപ്പോള്‍ ഇളയ കുഞ്ഞിനെ കാണാനില്ലായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. കുഞ്ഞിന്‍റെ അപ്പൂപ്പന്‍റെ അടിയന്തിരച്ചടങ്ങുകള്‍ ഇന്ന് നടക്കാനിരുന്നതിനാല്‍ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. രാത്രി വീട്ടിനുള്ളിലുണ്ടായിരുന്നവരില്‍ ആരോ കുഞ്ഞിനെ അപകടപ്പെടുത്തിയിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.
കുഞ്ഞിനെ കാണാനില്ലെന്നറിഞ്ഞ് നാട്ടുകാരും വീട്ടിലേക്കെത്തി. പൊലീസും ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടതാകാനാണ് സാധ്യത എന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ചുമണി വരെ കുഞ്ഞ് അമ്മയ്ക്കൊപ്പമായിരുന്നു. മൂത്ത കുട്ടിയെ ശുചിമുറിയില്‍ കൊണ്ടുപോയപ്പോള്‍ ഇളയ കുഞ്ഞ് കരയുന്നത് കേട്ട് അമ്മൂമ്മയോട് നോക്കാന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് കുഞ്ഞിനെ കണ്ടില്ല. അമ്മ അരികില്‍ നിന്ന് മാറി മിനിറ്റുകള്‍ക്കുള്ളില്‍ ആ വീട്ടിനുള്ളില്‍ എന്താണ് നടന്നത് എന്നാണ് അറിയാനുള്ളത്. ആ സമയം റോഡില്‍ നിറയെ ആളുണ്ട്. കുഞ്ഞിനെ ആരെങ്കിലും പുറത്തേക്ക് കൊണ്ടുവന്നാല്‍ അത് ആരെങ്കിലും കാണുമായിരുന്നു. മാത്രമല്ല റെസിഡന്‍റ് അസോസിയേഷന്‍റെ സിസിടിവി കാമറകളിലും കുടുങ്ങിയേനെ..
കുഞ്ഞിന്‍റെ അമ്മാവന്‍റെ മുറിയില്‍ നിന്നും പുലര്‍ച്ചെ മണ്ണെണ്ണയുടെ ഗന്ധം വന്നെന്നും തീപിടിത്തമുണ്ടായെന്നും വീട്ടുകാര്‍ പറയുന്നു. കുഞ്ഞിന്‍റെ അച്ഛനും അമ്മയും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. വീട്ടുകാരെ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം. ചോദ്യം ചെയ്യലില്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.