ക്രിസ്മസ് ബംപറിലെ സസ്പെന്‍സും അവസാനിച്ചു. കണ്ണൂരിലെ ഏജന്‍സി വിറ്റ XD 387132 എന്ന ടിക്കറ്റിനാണ് ഇത്തവണത്തെ ക്രിസ്മസ്–പുതുവത്സര ബംപറിലെ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് ലോട്ടറി വകുപ്പില്‍ നിന്നും കണ്ണൂരിലെ ഏജന്റ് എം.ജി.അനീഷിനാണ് വിറ്റത്. ഇവിടെ നിന്നും മുത്തു ലോട്ടറി ഏജന്‍സി വഴി ഇരിട്ടിയില്വിറ്റ ടിക്കറ്റിനാണ് സമ്മാനം.
സമ്മാനാര്ഹന് ആരായാലും കയ്യില്‍ കോടികളെത്തുമെന്നതില് സംശയമില്ല. വലിയ അളവില്‍ നികുതി കുറച്ചശേഷം മാത്രമെ പണം സമ്മാനാര്‍ഹന്റെ അക്കൗണ്ടിലെത്തുകയുള്ളൂ. കേരള ലോട്ടറിയില്‍ സമ്മാനം അടിച്ചയാളുടെ കയ്യില്‍ നിന്നാണ് ഏജന്‍സി കമ്മീഷന് ഈടാക്കുക. 20 കോടി രൂപയുടെ 10 ശതമാനമാണ് ഏജന്‍സിക്ക് കമ്മീഷനായി ലഭിക്കുക. രണ്ട് കോടി രൂപ ഈ ഇനത്തില്‍ നല്‍കണം. ബാക്കി 18 കോടി രൂപയ്ക്കാണ് സമ്മാന നികുതി നല്‍കേണ്ടത്.
30 ശതമാനമാണ് ലോട്ടറിക്കുള്ള നികുതി. സ്രോതസില്‍ നിന്നും നികുതി (ടിഡിഎസ്) ഈടാക്കിയ ശേഷമാണ് സമ്മാനാര്ഹന് തുക നല്‍കുക. ലോട്ടറി വകുപ്പ് ഈ തുക ഈടാക്കി ആദായ നികുതി വകുപ്പിന് കൈമാറും. 5.40 കോടി രൂപയാണ് ടിഡിഎസ്. ഇത്രയും തുക പിടിച്ച് 12.60 കോടി രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുക.
ഇതിന് ശേഷം സമ്മാനാർഹൻ നേരിട്ട അടയ്ക്കേണ്ടതാണ് ബാക്കി നികുതി. ആദായ നികുതി സര്‍ചാര്‍ജ് സമ്മാനാര്‍ഹര്‍ നല്‍കേണ്ടി വരും. 5 കോടി രൂപയ്ക്ക് മുകളിലാണെങ്കില്‍ 37 ശതമാനമാണ് സര്‍ചാര്‍ജ്. മൊത്തെ നികുതിയുടെ നാല് ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസും നല്‍കണം. ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത്, സമ്മാനാർഹനാണ് ഈ തുക നൽകേണ്ടത്.
1,99,80,000 രൂപയാണ് സര്‍ചാര്‍ജ്. 29,59,200 രൂപയാണ് സെസ്. ആദായ നികുതി ബാധ്യതകളൊക്കെ കഴിഞ്ഞാല്‍ ഏകദേശം 10,30,60,800 രൂപയാണ് കയ്യിലിരിക്കുക.