ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബസ് അപകടത്തില്‍പ്പെട്ടതിന് കാരണം കാണിക്കാതെ മൂന്ന് മാസമായി ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നുവെന്ന് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതി. കണ്ണൂര്‍ പയ്യന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ജയകുമാറാണ് ഡിപ്പോ എന്‍ജിനീയര്‍ക്കും അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്കുമെതിരെ പരാതി നല്‍കിയത്. തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും ജയകുമാര്‍ ആരോപിച്ചു. ആരോപണങ്ങള്‍ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
കഴിഞ്ഞ നവംബര്‍ ഏഴിന് വൈകിട്ട് ബസ് ലോറിയുടെ പിന്നിലിടിച്ച് ചില്ല് തകര്‍ന്നുവെന്നതാണ് ഡ്രൈവര്‍ക്കെതിരായ കുറ്റം. എന്നാല്‍ ജയകുമാര്‍ പറയുന്നത് ബസിന് ബ്രേക്ക് നഷ്ടപ്പട്ടതാണെന്ന്. വിവരാവകാശ നിയമപ്രകാരം വാങ്ങിയ ലോഗ്ബുക്കിന്‍റെ പകര്‍പ്പില്‍ തുടര്‍ച്ചയായി ഏഴ് ദിവസം ഡ്രൈവര്‍മാര്‍ ബസിന് ബ്രേക്കില്ലെന്ന് എഴുതിയിരിക്കുന്നത് വ്യക്തം.
എന്നാല്‍ ഇതിന് വിശ്വാസ്യത പോരെന്ന് ജയകുമാര്‍. ബ്രേക്ക് പോയതിന് എങ്ങിനെ തനിക്കെതിരെ നടപടിയെടുക്കുമെന്നും, നടപടി രേഖാമൂലം അറിയിക്കാത്തത് എന്തെന്നും ചോദ്യം. വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോള്‍ മാത്രമാണ് നടപടിയുടെ കാരണമെന്തെന്ന് ജയകുമാര്‍ അറിയുന്നത്. തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ ജാതിപ്പേര് വിളിച്ചെന്നും ആരോപണം.
മൂന്ന് മാസമായി ജോലി തടഞ്ഞതിനെ തുടര്‍ന്ന് പട്ടിണിയിലും ജപ്തി ഭീഷണിയിലുമാണ് ഈ ഡ്രൈവറുടെ കുടുബം.
ജയകുമാറിനെതിരായ അസിസ്റ്റന്‍റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആല്‍വിന്‍റെ വിശദീകണം ഇങ്ങനെ. സ്ഥിരമായി വാഹനം അപകടത്തില്‍പെടുത്തല്‍, ബസില്‍ സ്ത്രീകളോടും, കണ്ടക്ടര്‍മാരോടും മോശം പെരുമാറ്റം. പലതവണ മദ്യപിച്ച് വാഹനമോടിച്ചു തുടങ്ങിയവ. തന്നെ തെറ്റിദ്ധരിച്ച സംഭവങ്ങളാണ് അതൊക്കെയെന്നും മദ്യപിച്ച് ബസെടുക്കാറില്ലെന്നും ജയകുമാറും പറയുന്നു. ഡ്രൈവറുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും രേഖാമൂലം അറയിക്കാതെ ജോലി നിഷേധിക്കുന്നതെങ്ങിനെ എന്നതാണ് സംശയകരം.