പഴയ ബസുകള്‍ക്ക് പകരം ബിഎസ്5 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസിക്ക് സംസ്ഥാന ബജറ്റില്‍ 107 കോടി രൂപ അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും വര്‍ക്ക് ഷോപ്പ്, ഡിപ്പോകള്‍ എന്നിവയുടെ ആധുനികവത്കരണത്തിന് 38.70 കോടി രൂപയും കെഎസ്ആര്‍ടിസിയിലെ കമ്പ്യൂട്ടര്‍വത്കരണത്തിനും ഇ–ഗവേണന്‍സിനും 12 കോടി രൂപയും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അനുവദിച്ചു.
കഴിഞ്ഞ പിണറായി സര്‍ക്കാറിന്‍റെ കാലത്ത് 4,923.58 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ 6864.22 കോടി രൂപ കെഎസ്ആര്‍ടിസിക്ക് മുടക്കിയിട്ടുണ്ട്. 2024 ന്‍റെ തുടക്കത്തില്‍ ദിവസേനെയുള്ള ഓഫ് റോഡ് ബസുകളുടെ എണ്ണം 900 ല്‍ നിന്നും 500 ല്‍ താഴെയായി കുറയ്ക്കാന്‍ സാധിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.
ചെറുതോണിയില്‍ ഡിപ്പോ പ്രവര്‍ത്തനക്ഷമമാക്കി ബസ് സര്‍വീസ് ആരംഭിക്കുന്നതിന് 2 കോടി രൂപ, റോഡ് ഗതാഗത സുരക്ഷാ പ്രവര്‍ത്തനത്തിന് 18.62 കോടി രൂപ, പാലക്കാട് ചിറ്റൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന്‍റെ നിര്‍മാണത്തിന് 2 കോടി രൂപ എന്നിങ്ങനെയാണ് മറ്റു പ്രഖ്യാപനങ്ങള്‍.
ഹൈഡ്രജന്‍ ഇന്ധന വാഹനങ്ങള്‍ പൈലറ്റ് ചെയ്യുന്നതിനും ഇലക്ട്രിക് വാഹനങ്ങളെ ജനകീയമാക്കുന്നതിനുമുള്ള ഇ–മൊബിലിറ്റി പ്രൊമോഷന്‍ ഫണ്ടിന് 8.56 കോടി രൂപയും വകയിരുത്തി. അതോടൊപ്പം, സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ മാറ്റി പുതിയത് വാങ്ങുന്നതിന് 100 കോടി രൂപയും ബജറ്റില്‍ അനുവദിച്ചു.