ഇടുക്കി മൂന്നാറിൽ സഞ്ചാരികൾക്കായി സർവീസ് തുടങ്ങിയ കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് സൂപ്പർ ഹിറ്റ്. ഒരു മാസം കൊണ്ട് ബസിൽ സഞ്ചാരിച്ചത് 3500 പേർ. 13 ലക്ഷം രൂപ കളക്ഷൻ നേടിയാണ് ഡബിൾ ഡക്കറിന്‍റെ കുതിപ്പ്.
പേര് പോലെ തന്നെ രാജകീയ യാത്ര. അതാണ് മൂന്നാറിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ച് മൂന്നാർ മുതൽ ആനയിറങ്കൽ ജലാശയം വരെ മൂന്ന് മണിക്കൂർ സമയമെടുത്താണ് യാത്ര. തേയില തോട്ടങ്ങൾക്കിടയിലൂടെയുള്ള ഡബിൾ ഡക്കർ യാത്രയുടെ അനുഭൂതി സഞ്ചാരികൾ വിവരിക്കുന്നത് ഇങ്ങനെ
മുകളിലും താഴെയുമായി ഒരു ട്രിപ്പിൽ 48 പേർക്ക് ഡബിൾ ഡക്കറിൽ യാത്ര ആസ്വദിക്കാം. 200, 400 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഏഴിനും പതിനൊന്നരയ്ക്കും, ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് സർവീസ്. സഞ്ചാരികൾക്കായി കുടിവെള്ളം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ബസിൽ ഒരുക്കിയിട്ടുണ്ട്. സൂര്യനെല്ലി, വട്ടവട, സൈലന്‍റ് വാലി എന്നിവടങ്ങളിലേക്കും കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങിയിട്ടുണ്ട്.