കോട്ടയം ഗവ. നഴ്സിങ് കോളജ് ഹോസ്റ്റല്‍ റാഗിങ് കേന്ദ്രമെന്ന് പൊലീസിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നവംബര്‍ മുതല്‍ ക്രൂരപീഡനങ്ങള്‍ നടന്നുവെന്നും കണ്ടെത്തല്‍. സമാനകുറ്റം ചെയ്തിട്ടും പിടിക്കപ്പെടാത്തവരുണ്ടോ എന്നതില്‍ കൂടുതല്‍ അന്വേഷണം നടത്തും. ഇരയായവര്‍ കരഞ്ഞിട്ടും അടുത്ത മുറിയിലെ വാര്‍ഡന്‍ കേട്ടില്ലെന്ന മൊഴിയിലും കൂടുതല്‍ പരിശോധന നടത്തും. അതിനിടെ അന്വേഷണത്തിനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതിയെ നിയോഗിച്ചു.
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന നിഗമനത്തിലാണ് ഗാന്ധിനഗർ പൊലീസിന്റെ വിശദമായ അന്വേഷണം തുടങ്ങുന്നത്. നഴ്സിങ് കോളജിന്റെ ഹോസ്റ്റൽ റാഗിങ് കേന്ദ്രമായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. നവംബർ മാസം മുതൽ ക്രൂരമായ പീഡനത്തിനിരയായ വിദ്യാർഥികൾ പരാതിപ്പെടാൻ വൈകിയത് പൊലീസിന്റെ സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്തു. പരാതിപ്പെട്ടാലും പ്രതികൾ സുരക്ഷിതരായിരിക്കുമെന്ന ഭയം ജൂനിയർ വിദ്യാർഥികൾക്കുണ്ടായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാന കുറ്റകൃത്യം ചെയ്തിട്ടും പിടിക്കപ്പെടാത്ത വിദ്യാർഥികളുണ്ടോയെന്നത് സ്ഥിരീകരിക്കുന്നതിനായി ഒന്നാം വർഷ വിദ്യാർഥികളോട് വിവരങ്ങൾ തേടും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച് തീരുമാനിക്കുക. സാമുവൽ, രാഹുൽ, വിവേക്, റിജിൽജിത്ത്, ജീവ എന്നിവരെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.
ഹോസ്റ്റൽ മുറിയിൽ ക്രൂര പീഡനം നടക്കുമ്പോൾ വിദ്യാർഥികൾ ഉറക്കെ കരഞ്ഞെങ്കിലും തൊട്ടടുത്ത മുറിയിലെ അസിസ്റ്റന്റ് വാർഡൻ കേട്ടില്ലെന്ന മൊഴി വിശദമായി പരിശോധിക്കും.വിഷയം പഠിക്കാനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അഞ്ചാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോളജിന്റെ റാഗിങ് വിരുദ്ധ പ്രവർത്തനങ്ങൾ ഉടച്ചുവാർക്കാനും തീരുമാനമുണ്ട്. ക്രൂരപീഡനത്തിന്റെ പ്രതികൾ തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. തെളിവുകളടങ്ങിയ അഞ്ചുപേരുടെയും ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.