കൃപേഷും ശരത് ലാലും, പ്രതികളായ സുരേന്ദ്രൻ, സുബീഷ്
ശിക്ഷാ വിധി വന്ന് ഒന്നര മാസം തികയും മുമ്പേ പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ നീക്കം. എട്ടാം പ്രതി എ സുബീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരുടെ പരോളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ സ്വീകരിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. പ്രതികള്‍ പരോളിന് അര്‍ഹരാണെന്നായിരുന്നു ജയില്‍ സൂപ്രണ്ടിന്‍റെ വിശദീകരണം. പരോള്‍ നീക്കത്തിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ രംഗത്തുവന്നു
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊന്ന കേസില്‍ കൊച്ചിയിലെ സിബിഐ കോടതി ശിക്ഷ വിധിച്ചത് ജനുവരി മൂന്നിന്. കൃത്യം ഒന്നര മാസമായപ്പോഴേക്കും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികളാണ് ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ പരോളിന് അപേക്ഷിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് വെളുത്തോളിയിലെ എ.സുബീഷ്. സിബിഐ പ്രതിചേര്‍ത്തയാളാണ് കല്യോട്ടെ സുരേന്ദ്രന്‍.
രണ്ടുപേരുടെയും വിചാരണകാലയളവിലെ തടവുകൂടി കണക്കിലെടുത്താല്‍ രണ്ടുവര്‍ഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞെന്നാണ് ജയില്‍ സൂപ്രണ്ടിന്‍റെ വിശദീകരണം. അതിനാല്‍ പരോളിന് അര്‍ഹരത്രേ. പരോള്‍ നീക്കത്തെ രൂക്ഷമായി എതിര്‍ത്താണ് കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബം രംഗത്തുവന്നത്. സിപിഎമ്മിന് നാളെയും കൊല നടത്താന്‍ ആളുവേണമെന്നതുകൊണ്ടാണ് പരോള്‍ നല്‍കുന്നതെന്ന് ശരത് ലാലിന്‍റെ അച്ഛന്‍ സത്യനാരായണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു
ഉന്നത നേതാക്കളുടെ പേര് പുറത്തുവരാതിരിക്കാനാണ് പ്രതികളെ സഹായിക്കുന്നതെന്നും മുഖ്യമന്ത്രിയടക്കം പരോളിന് ഒത്താശ ചെയ്യുന്നുവെന്നും കൃപേഷിന്‍റെ അച്ഛനും ആരോപിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തെ കൂടി പരോള്‍ നീക്കം അറിയിച്ച് നിയമപരമായി നീങ്ങാനാണ് ഇരുകുടുംബങ്ങളുടെയും തീരുമാനം. കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ആറ് വര്‍ഷം തികയുകയാണ്. അതേസമയം, കേസില്‍ ശിക്ഷിക്കപ്പെട്ട കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും പതിനാലാം പ്രതിയുമായ കെ മണികണ്ഠനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. സന്തോഷ് കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.