പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാല അനുമതിയില്‍ നിന്നും പിന്നോട്ടില്ലെന്ന എല്‍ഡിഎഫ് നിലപാടിനെതിരെ കോടതിയെ സമീപിക്കുമെന്ന് എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതി. മദ്യനിര്‍മാണ കമ്പനിയെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവും കെപിസിസി നേതൃത്വവും ഉറപ്പ് നല്‍കിയിട്ടുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സാധാരണക്കാരായ നിരവധിയാളുകള്‍ മദ്യശാലയ്ക്കെതിരായ നിലപാട് അറിയിച്ചിട്ടുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ ജനവികാരം മനസിലാക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് രേവതി ബാബു മനോരമ ന്യൂസിനോട്.
എതിര്‍പ്പുകള്‍ അവഗണിച്ച് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയുമായി മുന്നോട്ടു പോകാനാണ് ഇടതുമുന്നണി തീരുമാനം. മദ്യനിര്‍മാണശാലയെ സിപിഐയും ആര്‍ജെഡിയും എതിര്‍ത്തെങ്കിലും, തീരുമാനിച്ച പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു. 9 ഘടകകക്ഷികളുടെ പിന്തുണയോടെയാണ് മദ്യനിർമ്മാണശാലയിലുള്ള സിപിഐയുടെ എതിർപ്പിനെ എംഎൻ സ്മാരകത്തിൽ നടന്ന ഇടതുമുന്നണി യോഗത്തിൽ സിപിഎം നേരിട്ടത്. ഇടതുമുന്നണി എടുത്ത നയപരമായ തീരുമാനത്തോട് ഇനിയും വിയോജിപ്പുണ്ടെങ്കിൽ മുന്നണി വിട്ടു പോകാമെന്നത് മാത്രമാണ് സിപിഐക്ക് മുന്നിലുള്ള ഏകമാർഗ്ഗം.
സിപിഎമ്മിൽനിന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും , മുന്നണി കൺവീനർ ടി പി രാമകൃഷ്ണനും യോഗത്തിൽ സംസാരിച്ചു. സിപിഐയെ പ്രതിനിധീകരിച്ച് ബിനോയ് വിശ്വം മാത്രമാണ് യോഗത്തിൽ സംസാരിച്ചത്. വികസനം, തൊഴിലവസരങ്ങൾ തുടങ്ങി വ്യവസായം വന്നാൽ സാധ്യമാകുന്ന ഗുണപരമായ നേട്ടങ്ങൾ അനുകൂലിക്കുന്ന ഘടകകക്ഷികൾ വിശദീകരിച്ചു. എടുത്ത തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന മുഖ്യമന്ത്രി കൃത്യമായി പറഞ്ഞതോടെ സിപിഐയും ആർ ജെഡിയും ഭൂരിപക്ഷ തീരുമാനത്തെപിന്തുണയ്ക്കുകയായിരുന്നു. മുന്നണി തീരുമാനം കൺവീനർ ടി പി രാമകൃഷ്ണൻ വിശദീകരിച്ചതിനാൽ അതിനോട് വിയോജിച്ചുകൊണ്ട് സിപിഐക്കും ആർജെഡിക്കും ഇനി പരസ്യപ്രസ്ഥാവന നടത്താനാവില്ല