തന്റെ പ്രസംഗം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രസംഗത്തില്‍ വിവരിച്ചത് സമുദായത്തിന്‍റെ പിന്നാക്കാവസ്ഥയാണ്. ഞാന്‍ മുസ്‍ലിം വിരോധിയല്ല. പറഞ്ഞ വാക്കില്‍ ഒന്നുപോലും പിന്‍വലിക്കില്ല. എന്നെ തകര്‍ക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ പ്രതിഷേധിച്ച സംഘടനയാണ് എസ്എന്‍ഡിപി. ‘മതേതരത്വം പറയുന്ന ലീഗ് ഒരു പഞ്ചായത്തിലും ഹിന്ദുവിനെ മല്‍സരിപ്പിച്ചിട്ടില്ല. തനിക്കെതിരെയുള്ള ലീഗിന്‍റെ മൂന്നാമത്തെ ആക്രമണമാണിതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘എന്‍റെ കോലം കത്തിച്ചവര്‍ എന്നെ വേണമെങ്കില്‍ കത്തിച്ചോളൂ. വിരോധമില്ല. നീതിക്കുവേണ്ടിയുള്ള യാചനയാണ് നടത്തിയത്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ല. എല്ലാവരുടെയും നാടാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് കടന്നാക്രമിച്ചപ്പോള്‍ സിപിഎം മൃദുസമീപനം സ്വീകരിച്ചു. ഏതുസാഹചര്യത്തിലാണ് പ്രസ്താവന എന്നറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പ്രതികരണം. നിലമ്പൂരിലെ പ്രസംഗത്തില്‍ ഉറച്ചുനിന്നുകൊണ്ടാണ് തനിക്കെതിരായ ആരോപണത്തെ മുസ്‍ലിം ലീഗിനുനേരെ വെള്ളാപ്പള്ളി നടേശന്‍ തിരിച്ചത്. മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമ്പന്നരായ മുസ്‍ലിങ്ങള്‍ കയ്യടക്കി. അധികാരത്തില്‍ വന്നപ്പോള്‍ ഉള്‍പ്പെടെ ലീഗ് ഈഴവസമുദായത്തെ വഞ്ചിച്ചു. ഒപ്പം നില്‍ക്കാത്തതിന് മതപാര്‍ട്ടിയായ ലീഗ് പകപോക്കുകയാണ്. മലപ്പുറം ആരുടെയും സാമ്രാജ്യമല്ലെന്ന് കടുപ്പിച്ചുപറഞ്ഞ വെള്ളാപ്പള്ളി സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ ഇനിയും പറയുമെന്നും വ്യക്തമാക്കി
വെള്ളാപ്പള്ളിയെ കടന്നാക്രമിക്കാതെ അപമാനിച്ച് അവഗണിക്കുകയാണ് ലീഗ്. വിലയില്ലാത്ത വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മലപ്പുറം വിവാദ പ്രസ്താവനയില്‍ സൂക്ഷിച്ചാണ് ബിജെപി ഇടപെട്ടത്. ഈഴവരുടെ ആശങ്ക പങ്കുവച്ച രാജീവ് ചന്ദ്രശേഖര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് നിലപാടെടുത്തു. വെള്ളാപ്പള്ളി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് മുന്‍ പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. തല്ലാതെയും തലോടാതെയും സിപിഎം. വെള്ളാപ്പള്ളിതന്നെ വിശദീകരിക്കട്ടെയെന്ന് നിലപാട്. കോണ്‍ഗ്രസാകട്ടെ കിട്ടിയ അവസരം പാഴാക്കാതെ വെള്ളാപ്പള്ളിയെ കടന്നാക്രമിച്ചു. കോണ്‍ഗ്രസ് ലീഗിന്‍റെ തടവറയിലല്ലേയെന്ന് വെള്ളാപ്പള്ളിയുടെ മറുചോദ്യം. ലീഗിന്‍റെ കോട്ടയിലെ ഈഴവരുടെ പ്രശ്നങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കാനാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.
മലപ്പുറത്തെക്കുറിച്ചുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ ജില്ലയിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. യുഡിഎഫ് എൽഡിഎഫ് നേതാക്കളും പ്രവർത്തകരുമാണ് പരസ്യ പ്രതിഷേധവുമായി രംഗത്തുള്ളത്. നിലമ്പൂർ ചുങ്കത്തറയിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം. വിവാദത്തില്‍ പ്രതികരണവുമായി നാട്ടുകാരും രംഗത്തെത്തി..
വെള്ളപ്പള്ളി നടേശന്‍ കഴിഞ്ഞ് ദിവസം പറഞ്ഞത്
മലപ്പുറത്തെ പ്രത്യേക രാജ്യമായാണ് ഒരു കൂട്ടർ കണക്കാക്കുന്നതെന്നും ഈഴവർ ഞെങ്ങി ഞെരുങ്ങിയാണ് കഴിയുന്നതെന്നും എസ്‍.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ജില്ലയിൽ ഈഴവർ തൊഴിലുറപ്പുകാരും വോട്ടുകുത്തിയന്ത്രങ്ങളും മാത്രമാണെന്ന് ചുങ്കത്തറയിലെ പ്രസംഗത്തില്‍വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദപരാമർശം.
‘മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണ്.’- വെള്ളാപ്പള്ളി