മദ്യനിർമാണശാല വിവാദം പുതിയ തലത്തിൽ. സംവാദത്തിന് ഇരുപക്ഷവും വെല്ലുവിളിച്ചതോടെ രാഷ്ട്രീയം കേരളം ഉറ്റുനോക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ സംവാദത്തിന് വരുമോ. മന്ത്രി എം.ബി. രാജേഷിന്റെ വെല്ലുവിളി തള്ളിയ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു.
മദ്യനിർമാണത്തിൽ ഒരു സംവാദം. ആശയം തൊടുത്തുവിട്ടത് മന്ത്രി എം.ബി.രാജേഷാണ്. എതിരാളികളെയും രാജേഷ് തിരഞ്ഞെടുത്തു. വി.ഡി.സതീശൻ അല്ലെങ്കിൽ രമേശ് ചെന്നിത്തല. ചീള്കേസിന് താൻ ഇല്ലെന്ന് പറഞ്ഞ് പകരം ആളെ നിയോഗിച്ചു ചെന്നിത്തല.
ഈ ഓഫർ രാജേഷ് പാടെ തള്ളി. പകരം ആളെ ഇറക്കാൻ മാമാങ്കമല്ലെന്നും സംവാദമാണെന്നും ഓർമപ്പെടുത്തലും. എന്നാൽ പിന്നെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സതീശനും രമേശും. ഗോദയിൽ മുഖ്യമന്ത്രി വരട്ടെയെന്നാണ് ഇരുവരുടെയും നിലപാട്. ഇനി പന്ത് പിണറായിയുടെ കോർട്ടിലാണ്. വെല്ലുവിളി ഏറ്റെടുത്താൽ രാഷ്ട്രീയ കേരളം ഇതുവരെ കാണാത്ത വേറെ ലെവൽ മത്സരമായിരിക്കും അത്.