ഷൂ വിവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തിയിരുന്നു. മൂന്ന് ലക്ഷം രൂപയുടെ ഷൂ ധരിച്ചെന്ന് സിപിഎം സൈബര്‍ ഹാന്‍റിലുകളാണ് പ്രചാരിപ്പിച്ചത്. ആര് വന്നാലും 5000 രൂപയ്ക്ക് ആ ഷൂ നൽകാമെന്നായിരുന്നു സതീശന്‍റെ പ്രതികരണം. താന്‍ ഉപയോഗിച്ച ഷൂവിന് ഇന്ത്യയിലെ വില ഒമ്പതിനായിരം രൂപയാണ്. പുറത്ത് അതിലും കുറവാണ് വില. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍ നിന്ന് വാങ്ങി കൊണ്ടുവന്നതാണ് ആ ഷൂ. 70 പൗണ്ട് ആയിരുന്നു അന്നത്തെ വില. ഇപ്പോള്‍ രണ്ട് വര്‍ഷം ആ ഷൂ ഉപയോഗിച്ചു. 5000 രൂപയ്ക്ക് ആര് വന്നാലും ആ ഷൂ നൽകാമെന്നും അത് തനിക്ക് ലാഭമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വി ഡി സതീശൻ മൂന്ന് ലക്ഷം രൂപയുടെ ഷൂസാണ് ധരിച്ചതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. 'ക്ലൗഡ്ടില്‍റ്റി'ന്റെ വിലയേറിയ ഷൂസാണ് സതീശന്‍ ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ കണ്ടെത്തല്‍. 3 ലക്ഷം രൂപയുടെ പ്രൈസ് ടാഗ് അടക്കമുള്ള ചിത്രങ്ങളാണ് സതീശന്‍റെ ഫോട്ടോയ്ക്കൊപ്പം പ്രചരിച്ചത്.
ഇതിന് പിന്നാലെ വി.ടി. ബൽറാം മൂന്ന് ലക്ഷം തന്നാൽ ഒരു 30 പേർക്കെങ്കിലും ഈ ഷൂ ഞാൻ വാങ്ങിത്തരാം. എന്നാലും എനിക്കാണ് ലാഭം. എന്ന് പറഞ്ഞ് ഒരു കുറിപ്പിട്ടു,അതിന് ഹരികൃഷ്ണന്‍ എന്നൊരാള്‍ ‘ഇദ്ദേഹത്തിനല്ലേ ഷൂ നക്കണം നക്കണം എന്ന് പറഞ്ഞു നടന്നത്. രണ്ടെണ്ണം വാങ്ങി കൂട്ടത്തിൽ കരുതി നക്കുക’ എന്ന് കമന്‍റ് ഇട്ടു, പിന്നാലെ ‘ഷൂ എന്ന് കേൾക്കുമ്പോൾ സംഘിക്ക് നക്കൽ മാത്രമേ ഓർമ്മ വരുന്നുള്ളൂ എന്നത് എന്റെ തെറ്റല്ല’ എന്ന് പറഞ്ഞ് ബൽറാമിന്‍റെ മാസ് റിപ്ലേ. കിട്ടിയതും വാങ്ങി ഓടിക്കോ ചേട്ടാ എന്നാണ് കമന്‍റ് പൂരം.