മോഹന്‍ലാലിന്റെ എമ്പുരാന് തിരിച്ചടിയാകുന്ന നീക്കങ്ങള്‍ക്ക് സംഘടനകള്‍ തുടക്കമിട്ടതോടെ തര്‍ക്കങ്ങള്‍ പുതിയ തലത്തിലേക്ക്. മാർച്ച് 25 മുതലുള്ള റിലീസുകൾക്ക് കരാർ ഒപ്പിടും മുന്‍പ് അനുവാദം വാങ്ങണമെന്ന് ഫിലിം ചേംബർ സംഘടനകൾക്ക് കത്ത് നൽകി. സൂചനാപണിമുടക്ക് എമ്പുരാന്റെ റിലീസ് ദിനമായ മാര്‍ച്ച് 27ന് പ്രഖ്യാപിക്കാനിരിക്കെ, റിലീസ് തടസപ്പെടുത്തിയുള്ള പണിമുടക്കിന് കൂട്ടുനില്‍ക്കില്ലെന്ന് ഫിലിം പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചു.
എമ്പുരാന്‍റെ ബജറ്റിനെക്കുറിച്ച് ജി.സുരേഷ് കുമാര്‍ പുറത്തുവിട്ട കണക്കിന് പിന്നാലെ ആന്‍റണി പെരുമ്പാവൂര്‍ ഫെയ്സ്ബുക്കില്‍ രൂക്ഷമായി പ്രതികരിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ തുടക്കം. ആന്‍റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍ എത്തിയതോടെ ഈ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സുരേഷ്കുമാറിന്‍റെ നിലപാടിനൊപ്പമായി ഭൂരിപക്ഷം സിനിമാസംഘടനകളും . സുരേഷ് കുമാറിനെതിരായ ഫെയ്സ്ബുക് പോസ്റ്റ് പിന്‍വലിച്ച് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ ആന്‍റണി പെരുമ്പാവൂരിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് 25മുതലുള്ള സിനിമാറിലീസുകൾക്ക് കരാർ ഒപ്പിടുന്നതിന് അനുവാദം വാങ്ങണമെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിനടക്കം ഫിലിം ചേംബർ കത്ത് നൽകിയത്. 27ന് എമ്പുരാന്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഈ നീക്കം.
മാര്‍ച്ച് ആദ്യവാരം ഫിലിം ചേമ്പര്‍ ഉള്‍പ്പെടെയുള്ള വിവിധ സിനിമാസംഘടനകളുടെ യോഗത്തിലാണ് സിനിമാസമരത്തിന്‍റെ സൂചനാപണിമുടക്ക് സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. എന്നാല്‍ ഒരു സിനിമയുടെയും റിലീസ് തടസ്സപ്പെടുത്തിയുള്ള പണിമുടക്കിന് കൂട്ടുനില്‍ക്കില്ലെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയഷന്‍ അറിയിച്ചു.
സുരേഷ് കുമാറിനെതിരായ ഫെയ്സ് ബുക് പോസ്റ്റ് പിന്‍വലിച്ച് കാരണംകാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയമാണ് ഫിലിം ചേമ്പര്‍ ആന്‍റണി പെരുമ്പാവൂരിന് നല്‍കിയിട്ടുള്ളത്. മറുപടി നല്‍കിയില്ലെങ്കില്‍ ശക്തമായ ശിക്ഷാമനടപടിയുണ്ടാകുമെന്ന് ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിരുന്നു.