ആശാ വർക്കർമാരുടെ സമരത്തെ പൊളിക്കാനായി സിഐടിയു നടത്തിയ സമരത്തിൽ ആളേക്കൂട്ടാന്‍ പങ്കെടുപ്പിച്ചത് അങ്കണവാടി ജീവനക്കാർ ഉൾപടെയുള്ള സ്ത്രീകളെ. സി ഐ ടി യു നടത്തിയത് സർക്കാർ പിന്തുണയോടെയുള്ള കപട സമരമെന്ന് സർക്കാരിനെതിരെ സമരം നടത്തുന്ന ആശമാർ ആരോപിച്ചു. അതിനിടെ സിപിഐക്ക് പിന്നാലെ ആർ ജെ ഡിയും സെക്രട്ടറിയേറ്റ് പടിക്കലെ ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
ആശാ വർക്കർമാർ കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങുന്നെന്നായിരുന്നു സി ഐ ടി യു പ്രചാരണം. പ്ളക്കാർഡുകളിൽ ആശമാരുടെ ആവശ്യങ്ങൾ മാത്രം. പ്രസംഗങ്ങളിൽ ആശ മാരോടുള്ള കേന്ദ്ര അവഗണനയും സംസ്ഥാന പരിഗണനയും നിറഞ്ഞു നിന്നു.
പിന്നാലെ സി ഐ ടി യു സമരപന്തലിൽ പ്രതികരണം തേടിയപ്പോൾ ഭൂരിഭാഗവും മറ്റ് ജീവനക്കാർ. സെക്രട്ടേറിയറ്റിനു മുമ്പിലെ ആശാ പ്രവർത്തകരുടെ സമരത്തിന് പിന്തുണമായി നടി ഭാഗ്യലക്ഷ്മി ഉൾപ്പെടെ നിരവധി പേരെത്തി. കോഴിക്കോടും സെക്രട്ടേറിയറ്റ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആശമാർ സമരം നടത്തി. സമരം ചെയ്യുന്നവരുമായി ചർച്ച നടത്തുന്നത് അഭിമാനത്തിന്റെ പ്രശ്നമായി കാണരുതെന്ന് ആർ ജെ ഡി പരസ്യപ്രസ്താവന ഇറക്കി . അതേസമയം ഇന്ന് ചേരുന്ന സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആശാവർക്കർമാരുടെ സമരം ചർച്ച ചെയ്തേക്കും. സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യം സിപിഎമ്മിലെ ഒരു വിഭാഗത്തിനുണ്ട്. സമരത്തോട് സർക്കാരും പാർട്ടിയും മുഖം തിരിക്കരുത് എന്ന നിലപാടിൽ സിപിഎമ്മിലെ മുതിർന്ന വനിതാ നേതാക്കൾ ഉണ്ടെന്നാണ് വിവരം.