muhammed-shahabas-death
  • ഏറ്റുമുട്ടിയത് രണ്ട് സ്കൂളിലെ വിദ്യാര്‍ഥികള്‍
  • ഷഹബാസിന്‍റെ മരണം രാത്രി 12.30 ഓടെ
  • തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു

കോഴിക്കോട് താമരശേരിയില്‍ ട്യൂഷന്‍സെന്‍ററിലെ യാത്രയയപ്പ് പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്‍റെ മകന്‍  മുഹമ്മദ് ഷഹബാസാണ് മരിച്ചത്. വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെയും  താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഷഹബാസിന്‍റെ തല തല്ലിപ്പൊളിക്കുകയായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 

കഴിഞ്ഞ ഞായറാഴ്ച ട്യൂഷന്‍ സെന്‍ററില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അവതരിപ്പിച്ച നൃത്തത്തിനിടെ പാട്ട് നിന്നുപോയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പരിഹസിച്ച് ഒരു വിഭാഗം കുട്ടികള്‍ കൂവിവിളിച്ചു . ‌നൃത്തം ചെയ്ത പെൺകുട്ടി കൂവിയവരോട്  ദേഷ്യപ്പെട്ടു. പിന്നാലെ പരസ്പരം കലഹിച്ച കുട്ടികളെ അധ്യാപകർ പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു.  തുടര്‍ന്ന് കുട്ടികള്‍ ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ സംഘര്‍ഷം ആസൂത്രണം ചെയ്തു. 

പിരിഞ്ഞുപോയ വിദ്യാര്‍ഥികള്‍ ട്യൂഷന്‍സെന്‍ററിന് പുറത്ത് വീണ്ടും സംഘടിച്ച്  ഏറ്റുമുട്ടി.  മൂന്നുവട്ടം സംഘര്‍ഷമുണ്ടായെന്ന് ദൃക്സാക്ഷി കിരൺ മനോരമ ന്യൂസിനോട് പറഞ്ഞു. ഏറ്റുമുട്ടലിനിടെയാണ് ഷഹബാസിന് തലയ്ക്ക് പരുക്കേറ്റത്. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. കേസെടുത്ത താമരശേരി പൊലീസ് അഞ്ചു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇടിവള, നഞ്ചക് തുടങ്ങിയ ആയുധങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചെന്ന് പൊലീസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

ENGLISH SUMMARY:

A student in Kozhikode, injured in a clash during a tuition center farewell party, has passed away. The altercation, sparked by a dance performance issue, escalated among students from two schools, leading to fatal injuries.