ആശാ വർക്കർമാരുടെ വേതന-ജോലി മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇതിനിടെ ആശാവർക്കർമാരുടെ സമരത്തെ അവഗണിക്കാനാണ് സി പി എം തീരുമാനം. ആശാ സമരത്തെ നേരിടാൻ കൂടുതൽ ഹെൽത്ത് വോളൻ്റിയർമാരെ നിയമിക്കാനുള്ള നീക്കം സർക്കാർ തുടങ്ങി.
രാവിലെ 11 മണിയോടെയാണ് ആശാ വർക്കർമാരുടെ സമരപന്തലിലേയ്ക്ക് സുരേഷ് ഗോപിയെത്തിയത്. ആശമാരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കേട്ടു .അവരുടെ പാട്ടിനൊപ്പം ചുവടുവച്ചു.
കൂടെയുണ്ടാകുമെന്നും പ്രശ്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും ഉറപ്പ്. സർക്കാർ പിന്തുണയോടെ സിഐടിയു യൂണിയൻ സമരം കേന്ദ്രത്തിനെതിരെ തിരിച്ചുവിട്ടതിനു പിന്നാലെയാണ് സുരേഷ് ഗോപി സമരപന്തൽ സന്ദർശിച്ചത്. കേന്ദ്രം ആവിഷ്കരിച്ച പദ്ധതിയിൽ ഒരു പരിധിക്ക് അപ്പുറം സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യത താങ്ങാൻ ആവില്ല എന്നാണ് സർക്കാർ നിലപാട്. 20ാം ദിവസവും ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ പോരാട്ടം തുടരുമ്പോൾ പുതിയ തന്ത്രമിറക്കുകയാണ് ആരോഗ്യ വകുപ്പ് . കൂടുൽ ഹെൽത്ത് വോളൻ്റിയർമാർക്ക് പരിശീലനം നല്കാൻ നടപടി തുടങ്ങി. 1500 പേർക്ക് പരിശീലനം നല്കാനാണ് തീരുമാനം. അത്രയും ആശമാർ സമരരംഗത്ത് സജീവമാണെന്നും അവർക്ക് ബദലൊരുക്കനാണ് നീക്കമെന്നും സമരക്കാർ ആരോപിക്കുന്നു.