താമരശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിനോട് മാപ്പപേക്ഷിക്കുന്ന കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. കുറ്റസമ്മത രീതിയിലാണ് സന്ദേശം. ഇങ്ങനെ ആകുമെന്ന് കരുതിയില്ലെന്നും നീ പൊരുത്തപ്പെട്ട് തരണമെന്നും ഉപദ്രവിച്ച വിദ്യാര്‍ഥികളിലൊരാള്‍ സന്ദേശം അയച്ചുവെന്ന് ഷഹബാസിന്‍റെ അമ്മ റംസീന പറയുന്നു. ഇന്‍സ്റ്റഗ്രാമിലും വാട്സാപ്പിലും പ്രതി സന്ദേശം അയച്ചിരുന്നുവെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു. ആരോഗ്യവിവരം പ്രതി തിരക്കുമ്പോഴും ഗുരുതരാവസ്ഥയില്‍ ഷഹബാസ് ആശുപത്രിയിലായിരുന്നു. 'ഇങ്ങനെയൊക്കെ ആകുമെന്ന് കരുതിയല്ല ഒന്നും ചെയ്തത്, നീ പൊരുത്തപ്പെടണം, ഒന്നും മനപൂര്‍വം അല്ലാട്ടോ,ഇതില്‍ നിന്ന് ഒഴിവാക്കിത്തരണ'മെന്നായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതിന്‍റെ തെളിവുകളെല്ലാം തന്‍റെ കയ്യിലുണ്ടെന്നും റംസീന വെളിപ്പെടുത്തി.
വിദ്യാര്‍ഥികള്‍ മാത്രമല്ല, മുതിര്‍ന്നയാളുകളും സംഘര്‍ഷത്തിലുണ്ടായിരുന്നതായി മറ്റ് വിദ്യാര്‍ഥികള്‍ പറഞ്ഞതായി ഷഹബാസിന്‍റെ കുടുംബം ആരോപിച്ചു. ഇതിന്‍റെ പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരെ പുറത്തുക്കൊണ്ടുവരണമെന്നും തന്‍റെ കുട്ടിക്ക് സംഭവിച്ചത് ഇനി മറ്റൊരാള്‍ക്കും സംഭവിക്കരുതനെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്‍റെ നിലപാട്.
യാത്രയയപ്പ് ചടങ്ങ് നടന്ന ട്യൂഷന്‍ സെന്‍ററില്‍ ഷഹബാസ് പഠിക്കുന്നില്ല. സുഹൃത്തുക്കളുടെ ശബ്ദസന്ദേശം കേട്ട് മറ്റൊരു സുഹൃത്തിനൊപ്പമാണ് അവിടേക്ക് പോവുകയായിരുന്നുവെന്നും കുടുംബം തുറന്ന് പറയുന്നു. വസ്ത്രത്തില്‍ ചെളിയുമായി വീട്ടിലേക്ക് മടങ്ങി വന്ന ഷഹബാസ് വീണ്ടും സുഹൃത്തുക്കള്‍ക്കൊപ്പം പോയി. മൂന്നുവട്ടം വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയെന്നും പൊലീസ് പറയുന്നു. ആദ്യ സംഘര്‍ഷത്തില്‍ തന്നെ ഷഹബാസിന് ക്രൂരമര്‍ദനം ഏറ്റിട്ടും വീണ്ടും രണ്ടും മൂന്നും വട്ടം അടിയുണ്ടായപ്പോള്‍ ഷഹബാസ് അവിടേക്ക് എത്തിയെന്നും വിദ്യാര്‍ഥികളും വെളിപ്പെടുത്തി. തിരികെ വീട്ടിലേക്ക് വന്നശേഷം സംഘര്‍ഷത്തിന്‍റെ വിവരങ്ങള്‍ ഷഹബാസ് വീട്ടുകാരോട് പറഞ്ഞിരുന്നില്ല, ഛര്‍ദി അനുഭവപ്പെട്ടതിനു പിന്നാലെ വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് മര്‍ദന വിവരം പോലും ഷഹബാസ് പറഞ്ഞത്. കുഴഞ്ഞു വീണ ഷഹബാസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.