TOPICS COVERED

കണ്ണൂരിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ മരണം. പാനൂർ മൊകേരിയിൽ കൃഷിയിടത്തിൽ വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ വള്ള്യായി സ്വദേശി ശ്രീധരനാണ് മരിച്ചത്. ശ്രീധരന്റെ ശരീരമാസകലം പന്നി കുത്തിക്കീറിയതായി നാട്ടുകാർ മനോരമ ന്യൂസിനോട് പറഞ്ഞു. ഒരാഴ്ചക്കിടെ കണ്ണൂരിലെ നാലാമത്തെ വന്യജീവി ആക്രമണമാണ് പാനൂരിലേത്. 

ശ്രീധരന്റെ തല മുതൽ കാൽ വരെ പന്നി ആക്രമിച്ചു. കഴുത്തിലും നെഞ്ചിലും ഉൾപ്പെടെ ആഴത്തിൽ മുറിവുകൾ. കൃഷിയിടത്തിൽ രക്തം വാർന്നു.

നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശ്രീധരനെ ആശുപത്രിയിലേക്ക് എടുത്ത് ഓടിയത് . തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ എത്തും മുൻപേ ജീവൻ വെടിഞ്ഞു. സംഭവം നടന്ന പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിന് അടുത്തായി സ്ഥലം അളക്കുന്ന ജോലിയിൽ ഏർപ്പെട്ട രണ്ടുപേർ കാട്ടുപന്നിയെ കണ്ട് ഓടുന്നതിനിടെ നിലത്ത് വീണു പരിക്കേറ്റു. കാലിന് നിസ്സാരപരിക്കുകൾ മാത്രമാണുള്ളത്. 

മുതിയങ്ങ വയലിൽ കാട്ടുപന്നികൾ പതിവായി ഇറങ്ങാറുണ്ടെങ്കിലും ആക്രമണവും മരണവും ആദ്യമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി  തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.  ഇതിനിടെ കണ്ണൂര്‍ പാനൂരില്‍ കര്‍ഷകനെ കൊന്ന കാട്ടുപന്നിയെ നാട്ടുകാര്‍ കൊന്നു. മറ്റൊരാളെക്കൂടി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെയാണ് നാട്ടുകാര്‍ പന്നിയെ കൊലപ്പെടുത്തിയത്.   

കാട്ടുപന്നി ആക്രമണത്തിൽ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍  അന്വേഷണത്തിന് ഉത്തരവിട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ പിന്നീട് പ്രതികരിച്ചു. സ്ഥലം പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് നിര്‍ദേശം.  ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും. പ്രശ്നബാധിത മേഖലയിലല്ല കാട്ടുപന്നി ആക്രമണം ഉണ്ടായതെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു

ENGLISH SUMMARY:

Elderly man dies wild boar attack in Panur