പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനെ ആലപ്പുഴയിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ പൂച്ചാക്കൽ പോലിസ് സ്റ്റേഷനിൽ ലഭിച്ച നൂറുകണക്കിന് പരാതികളിൽ റജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ചിന് കൈമാറിയ കേസിലാണ് കസ്റ്റഡി.
പാതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും ഗൃഹോപകരണ ങ്ങളും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതിന് നൂറുകണക്കിന് പരാതികളാണ് ആലപ്പുഴയിലെ വിവിധ സ്റ്റേഷനുകളിൽ ലഭിച്ചത്. സംസ്ഥാനത്തെ മറ്റു കേസുകൾക്കൊപ്പം ആലപ്പുഴ ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 84 കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. 750 പരാതികൾ പൂച്ചാക്കൽ പോലിസ് സ്റ്റേഷനിൽ മാത്രം ലഭിച്ചതിനാൽ ഇത് മുഖ്യ കേസായി പരിഗണിച്ചാണ് അന്വേഷണം. രണ്ടു ദിവസത്തേക്കാണ് പ്രതി അനന്തു കൃഷ്ണനെ ചേർത്തല ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി കസ്റ്റഡിയിൽ വിട്ടത്.
പരാതിക്കാരുടെ മൊഴി എടുക്കൽ പുരോഗമിക്കുകയാണ്. ആളുകളിൽ നിന്ന് ലഭിച്ച പണം എങ്ങോട്ട് മാറ്റി എന്നതുൾപ്പടെ ഇനിയും കണ്ടെത്താനുണ്ട്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യമെന്ന് ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ സുനിൽ രാജ് പറഞ്ഞു. പ്രതിയെ ചേർത്തല കോടതിയിൽ കൊണ്ടുവന്നതറിഞ്ഞ് തട്ടിപ്പിനിരയായവരും ചേർത്തല കോടതിയിൽ എത്തിയിരുന്നു. എങ്ങനെയും നഷ്ടമായ പണം തിരികെ കിട്ടണമെന്ന ആഗ്രഹമാണ് തട്ടിപ്പിനിരയായവർ പ്രകടിപ്പിക്കുന്നത്.