പാതിവിലത്തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ കെ.എൻ. ആനന്ദകുമാർ ആദ്യം പദ്ധതിയിട്ടത് വിവിധ കമ്പനികളുടെ സിഎസ്‌ആർ ഫണ്ട് തട്ടിയെടുക്കാൻ. ഈ പദ്ധതി പൊളിഞ്ഞതോടെ അനന്തുകൃഷ്ണനുമായി ചേർന്ന് പാതിവില പദ്ധതിക്ക് രൂപം നൽകിയെന്നും ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ. അനന്തുകൃഷ്ണനിൽ നിന്ന് കോടികൾ കൈപ്പറ്റിയത് തട്ടിപ്പ് പണമെന്ന് അറിഞ്ഞാണെന്നും അന്വേഷണത്തിൽ കണ്ടെത്തി.
തട്ടിപ്പിന്‍റെ സൂത്രധാരൻ ഉന്നത സ്വാധീനമുള്ള കെ.എൻ ആനന്ദകുമാർ തന്നെയെന്ന് ഉറപ്പിക്കുന്ന തെളിവുകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. തട്ടിപ്പിന്‍റെ റൂട്ട്മാപ്പും അന്വേഷണത്തിൽ തെളിഞ്ഞു. വിവിധ കമ്പനികളുടെ കൈവശമുള്ള കോടികളുടെ സിഎസ്‌ആർ ഫണ്ടാണ് ആനന്ദകുമാർ ആദ്യം ഉന്നമിട്ടത്. നാട്ടിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എൻജിഒകളെ കോർത്തിണക്കി നാഷനൽ എൻജിഒ കോൺഫെഡറേഷന് രൂപീകരിച്ചതും ഈ ലക്ഷ്യം മനസിലുറപ്പിച്ചായിരുന്നു. ജനസേവനത്തിന്‍റെ മറവിൽ ഉന്നത ബന്ധങ്ങളും പ്രയോജനപ്പെടുത്തി സിഎസ്ആർ ഫണ്ട് വാങ്ങിച്ചെടുക്കാമെന്നായിരുന്നു പദ്ധതി. പാതിവിലയ്ക്ക് ഗൃഹോപകരണങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി ട്രയൽറൺ ആരംഭിച്ചു. എന്നാൽ സ്വകാര്യ ഏജൻസികൾക്ക് ഫണ്ട് കൈമാറാനാകില്ലെന്ന് കമ്പനികൾ വ്യക്തമാക്കിയതോടെ പദ്ധതി പൊളിഞ്ഞു. ഇതിനോടകം സാധാരണക്കാരായ നിരവധി പേരുടെ പണം കോൺഫെഡറേഷന്‍റെ നിയന്ത്രണത്തിലുള്ള അക്കൗണ്ടിലെത്തി. ഇതോടെ സിഎസ്ആർ ഫണ്ട് ലഭിച്ചില്ലെങ്കിലും ലഭിച്ചുവെന്ന് തെറ്റിധരിപ്പിച്ച പലർക്കും ഗൃഹോപകരണങ്ങൾ നൽകി.
വിശ്വാസ്യത ഊട്ടിയുറപ്പിക്കാൻ ജനപ്രതിനിധികളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പരിപാടിയുടെ ഭാഗമാക്കി. പ്രതീക്ഷിച്ചതിലും പണം അക്കൗണ്ടുകളിലേക്ക് എത്തിയതോടെ പാതിവിലയ്ക്ക് സ്കൂട്ടർ, തയ്യൽമെഷീൻ ലാപ്ടോപ്പ് മൊബൈൽ എന്നിങ്ങനെ പദ്ധതി വളർന്നു. ധനസമാഹരണവും വിനിയോഗവും നിയന്ത്രിക്കാൻ തട്ടിപ്പുകളെ കുറിച്ച് കൃത്യമായി അറിയാവുന്ന വിശ്വസ്തനായ അനന്തകൃഷ്ണനെയും ചുമതലപ്പെടുത്തി. തട്ടിപ്പിലൂടെ സമാഹരിച്ച പണത്തിന്‍റെ വിഹിതം കൃത്യമായി ആനന്ദകുമാർ കൈപ്പറ്റി. 1.69 കോടി രൂപയാണ് ആനന്ദകുമാർ അക്കൗണ്ട് മുഖേന വാങ്ങിയതെന്ന് കണ്ടെത്തി. ഇത് സായിഗ്രാം ഗ്ലോബൽ ട്രസ്റ്റിന്‍റെ ആവശ്യങ്ങൾക്കായാണ് വിനിയോഗിച്ചത്. ആനന്ദകുമാറുമായും പാതിവില പദ്ധതിയുമായി സഹകരിച്ച രാഷ്ട്രീയ നേതാക്കളും ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണപരിധിയിലുണ്ട്.