കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പൊലീസിന്റെ കുറ്റപത്രം. കൊലപാതക സാധ്യത പൂർണമായും കുറ്റപത്രം തള്ളുകയാണ്. ഈ മാസം അവസാനത്തോടെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം സുപ്രീംകോടതിയെ സമീപിക്കും
കേരളത്തെ ഞെട്ടിച്ച കണ്ണൂർ മുൻ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തിട്ട് അഞ്ചുമാസമാകാറാവുകയാണ്. വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. കുറ്റപത്രം തയ്യാറായി എന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവരുമായി യോഗം ചേർന്ന ശേഷമേ കോടതിയിൽ സമർപ്പിക്കുകയുള്ളൂ എന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
ഹൈക്കോടതിയിൽ നൽകിയിരുന്ന കേസ് ഡയറി കൂടി തിരികെ എത്തിച്ചിട്ടുണ്ട്. ഇനിയുള്ള നടപടികൾ വേഗത്തിലാക്കി ഈ മാസം അവസാനത്തോടെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം. നവീൻ ബാബുവിന്റേത് കൊലപാതകമാണ് എന്ന കുടുംബത്തിന്റെ വാദം പൂർണ്ണമായും തള്ളുന്നതാണ് കുറ്റപത്രം. എന്നാൽ കുടുംബം ഈ വാദത്തിൽ ഉറച്ചു നിൽക്കുകയാണ്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയതോടെ സുപ്രീംകോടതിയിലാണ് കുടുംബത്തിന്റെ പ്രതീക്ഷ. വൈകാതെ അപ്പീൽ നൽകാനാണ് ഭാര്യ മഞ്ജുഷയുടെ നീക്കം.