സി.പി.എം സംസ്ഥാന സമ്മേളനത്തിനായി ചുവപ്പണിഞ്ഞ് കൊല്ലം നഗരം. പ്രതിനിധി സമ്മേളനം നടക്കുന്ന ടൗൺ ഹാളിൽ രാവിലെ ഒൻപതിന് പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കുശേഷം പ്രതിനിധി സമ്മേളനം പാർട്ടി ദേശീയ കോഓർഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ നിന്നുളള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഇതിന് മുന്‍പ് രണ്ടു പ്രാവശ്യമാണ് കൊല്ലം സംസ്ഥാന സമ്മേളനത്തിന് വേദിയായത്.
മുപ്പതു വർഷത്തിനുശേഷം കൊല്ലം ആതിഥ്യമരുളുന്ന സംസ്ഥാന സമ്മേളനം ഏറെ നിർണായകമാണ്. തുടർഭരണത്തിന് തുടർച്ച ലക്ഷ്യമിടുന്ന നയങ്ങളും ചിന്തകളും ഉണ്ടാകുന്ന സമ്മേളനം കൂടിയാണ്. പ്രവർത്തന റിപ്പോർട്ടിന് പുറമേ നവ കേരളത്തിനുള്ള പുതുവഴികൾ എന്ന വികസനരേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. 75 വയസ് പ്രായ പരിധി കർശനമാക്കുന്നതിലൂടെ കൊല്ലം സമ്മേളനം വേദിയാകുന്നത് സി പി എമ്മിലെ തലമുറ മാറ്റത്തിനാണ്. 75 വയസു പൂർത്തീകരിച്ച ആരും തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കമ്മിറ്റിയിലും കാണില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാവും ഇതിൽ ഇളവുണ്ടായേക്കുക.
75 വയസു പൂർത്തിയാകാൻ മാസങ്ങൾ മാത്രമുള്ള ഇ.പി.ജയരാജനും ടി.പി.രാമകൃഷ്ണനും കമ്മിറ്റികളിൽ തുടരും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ.ബാലൻ, ആനാവൂർ നാഗപ്പൻ , പി.കെ.ശ്രീമതി എന്നിവർ പുതിയ കമ്മിറ്റികളിൽ ഉണ്ടാവില്ല. ഇവർക്ക് പകരം എം.വി.ജയരാജൻ, എം.ബി.രാജേഷ്, ടി.എൻ.സീമ എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് വരാനാണ് സാധ്യത.