TOPICS COVERED

 ആശ്രയമൊന്നുമില്ലാതെ പകച്ച് നിന്നുപോയ ഘട്ടത്തിലാണ് ഏറ്റുമാനൂര്‍ സ്വദേശിനി ഷൈനി തന്‍റെ രണ്ട് പെണ്‍മക്കളുമയി ജീവനൊടുക്കിയത്. അവര്‍ അനുഭവിച്ച വേദന വ്യക്തമാക്കുന്നതാണ് ഇന്ന് പുറത്തുവന്ന ശബ്ദരേഖ. അവസാനനിമിഷം വരെ ആ അമ്മ പിടിച്ചുനില്‍ക്കാന്‍ നോക്കിയിരുന്നു, എല്ലാ വാതിലുകളും അടഞ്ഞതോടെയാണ് പൊന്നോമനക്കുഞ്ഞുങ്ങളെയും കൊണ്ട് അവര്‍ ട്രെയിനിനു മുന്നില്‍ ചാടി ദുരിതജീവിതം അവസാനിപ്പിച്ചത്. അമ്മയൊപ്പമുണ്ടല്ലോ എന്ന ധൈര്യത്തോടെയാവും ആ മാലാഖക്കുഞ്ഞുങ്ങളും കെട്ടിപ്പിടിച്ചു നിന്ന് അമ്മയുടെ തീരുമാനം നിറവേറ്റിയത്.

ഭര്‍തൃവീട്ടിലെ കൊടിയ പീഡനം സഹിക്കാനാവാതെ ഒന്‍പത് മാസം മുന്‍പ് പെണ്‍കുഞ്ഞുങ്ങളേയും കൊണ്ടിറങ്ങിയപ്പോള്‍ ആ അമ്മയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, ബിഎസ്‌സി നഴ്സിങ് കഴിഞ്ഞ തനിക്ക് എവിടെയെങ്കിലും ജോലി കിട്ടുമെന്ന്, പക്ഷേ ഏറെ അലഞ്ഞിട്ടും ജോലി ശരിയായില്ലെന്നും കരിയറില്‍ വന്ന ഗ്യാപ്പാണ് അതിനു കാരണമെന്നും പലയിടത്തുനിന്നും അറിഞ്ഞു. ചേര്‍ത്തുനിര്‍ത്തേണ്ടവരോ കരുതലാകേണ്ടവരോ ആ അമ്മയ്ക്കും മക്കള്‍ക്കും കൂട്ടായില്ല.

ഇന്നു പുറത്തുവന്ന ശബ്ദരേഖ ഷൈനി തന്‍റെ സുഹൃത്തിനയച്ചതാണ്, ജോലി അന്വേഷിച്ചായിരുന്നു ആ ശബ്ദസന്ദേശം, നാട്ടിലെങ്ങും സാധ്യതയില്ലെന്നും കുഞ്ഞുങ്ങളെ ഹോസ്റ്റലില്‍ ആക്കിയ ശേഷം അമേരിക്കയ്ക്ക് പോകാനും ഷൈനിക്ക് ആലോചനയുണ്ടായിരുന്നു. അതിന് പക്ഷേ ഒരുവര്‍ഷമെങ്കിലും വേണ്ടിവരുമായിരുന്നു . അതുവരെ പിടിച്ചു നില്‍ക്കുന്നതിനുള്ള മാര്‍ഗമാണ് ഷൈനി തേടിയിരുന്നതെന്നും ശബ്ദരേഖയില്‍ വ്യക്തമാണ്.

ഭര്‍തൃവീട്ടിലെ ചികിത്സ ആവശ്യങ്ങള്‍ക്കായി പലയിടത്തുനിന്നും ഷൈനി വായ്പ എടുത്തിരുന്നു, അതൊന്നും കൊടുത്തു തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല, ആ വീട്ടില്‍നിന്നിറങ്ങിയ ശേഷവും കടം വീട്ടാനായിരുന്നു ഷൈനിയുടെ ശ്രമം. ആരും ഒപ്പമില്ലെന്നു തിരിച്ചറിഞ്ഞതോടെയാവും പള്ളിയിലേക്ക് എന്നുപറഞ്ഞ് മക്കളെ ചേര്‍ത്തുപിടിച്ച് ഷൈനി നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനിനു മുന്നിലേക്ക് ഇറങ്ങിയത്. വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഈ ശബ്ദസന്ദേശത്തില്‍ പറയുന്നു.

ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നോബിയെ വൈദ്യ പരിശോധന പൂർത്തിയാക്കി ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ഷൈനിയുടെയും നോബിയുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂർ കോടതിയിൽ നിലനിൽക്കെയാണ് ഷൈനിയുടെ ആത്മഹത്യ. ഭർതൃവീട്ടിൽ നിന്നേറ്റ പീഡനവും സാമ്പത്തിക ബാധ്യതകളും തൊഴിൽ കണ്ടെത്താൻ കഴിയാത്തതിന്റെ മാനസിക വിഷമവുമാണ് ആത്മഹത്യക്ക് കാരണമായി പൊലീസ് പറയുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ഏറ്റുമാനൂർ പൊലീസ് അന്വേഷിക്കും .