കോട്ടയം ഏറ്റുമാനൂരില്‍ അമ്മയും രണ്ടുമക്കളും ആത്മഹത്യ ചെയ്ത കേസില്‍ ഷൈനിയുടെ ശബ്ദസന്ദേശം പുറത്ത്. മരിച്ച ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദമെന്നതിന് തെളിവാണ് ശബ്ദസന്ദേശം. വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു
അതിനിടെ, കേസിൽ ഭർത്താവ് അറസ്റ്റിലായി. തൊടുപുഴ സ്വദേശി ചേരിയിൽവലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത നോബിയെ വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീനയും ഇവാനയും നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുന്നത്.. ആത്മഹത്യക്ക് പിന്നാലെ അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ് പ്രതിക്കെതിരെ ഉയർന്ന കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനും പിന്നാലെയാണ് ആത്മഹത്യപ്രേരണക്കുറ്റം ചുമത്തുന്നത്.
നോട്ടിസ് നൽകി സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ തൊടുപുഴ ചുങ്കം സ്വദേശി നോബിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. നോബിക്കെതിരായി തൊടുപുഴ സ്റ്റേഷനിൽ ഷൈനി നൽകിയ ഗാർഹിക പീഡന പരാതിയും നിലവിലുണ്ട്. ഷൈനിയുടെ മാതാപിതാക്കളുടെ വിശദമായ മൊഴിയും ഏറ്റുമാനൂർ പൊലീസ് രേഖപ്പെടുത്തി. കടുത്ത ശാരീരിക പീഡനത്തെ തുടർന്നാണ് ഷൈനിയും മക്കളും 9 മാസം മുൻപ് ഏറ്റുമാനൂരിലെ വീട്ടിലേക്ക് എത്തിയതെന്നാണ് മാതാപിതാക്കളുടെ മൊഴി.
ഷൈനിയുടെയും നോബിയുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂർ കോടതിയിൽ നിലനിൽക്കെയാണ് ഷൈനിയുടെ ആത്മഹത്യ. ഭർതൃവീട്ടിൽ നിന്നേറ്റ പീഡനവും സാമ്പത്തിക ബാധ്യതകളും തൊഴിൽ കണ്ടെത്താൻ കഴിയാത്തതിന്റെ മാനസിക വിഷമവുമാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ഏറ്റുമാനൂർ പൊലീസ് അന്വേഷിക്കും