കടുത്ത വാഹനപ്രേമിയായ കോഴിക്കോട് ഗവ.ലോ കോളജ് വിദ്യാര്‍ത്ഥിനി മൗസ മെഹറീസിന്റെ മരണത്തില്‍ ആണ്‍സുഹൃത്ത് അല്‍ഫാന്‍ ഇബ്രാഹീം അറസ്റ്റില്‍. വാഹനങ്ങള്‍ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത മൗസ കോവൂർ സ്വദേശിയായ അര്‍ഫാന്റെ കാര്‍ ആണ് ആദ്യം ശ്രദ്ധിച്ചത്. ആറുമാസം മുന്‍പാണ് ബൈപ്പാസിലെ ചായക്കടയില്‍ വച്ച് നൈറ്റ്ഡ്രൈവിനിടെ ഇരുവരും പരിചയപ്പെട്ടത്. കാറിനെക്കുറിച്ചുള്ള സംസാരം പിന്നീട് വലിയ സൗഹൃദത്തിലേക്കും പിന്നാലെ പ്രണയത്തിലേക്കും മാറുകയായിരുന്നു.
എന്നാല്‍ ആ ബന്ധം മൗസയുടെ സകല സ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കുന്നതായിരുന്നു. അനാവശ്യ നിയന്ത്രണങ്ങളും ഇടപെടലുകളും അര്‍ഫാന്റെ ഭാഗത്തുനിന്നും വന്നു. ഇതോടെ ഇത് തനിക്ക് പറ്റിയ ബന്ധമല്ലെന്നു തിരിച്ചറിഞ്ഞ മൗസ പിന്‍മാറാന്‍ ശ്രമിച്ചു. എന്നാല്‍ ടോക്സിക് സ്വഭാവക്കാരനായിരുന്ന അല്‍ഫാന്‍ മൗസയെ പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന തലത്തിലേക്കെത്തി കാര്യങ്ങള്‍. ഹോട്ടലില്‍വച്ച് പരസ്യമായി മര്‍ദിക്കുകയും ചീത്തവിളിക്കുകയും ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. ഈ മനോവിഷമത്തിലാണ് കഴിഞ്ഞമാസം 24ന് തൃശൂർ പാവറട്ടി സ്വദേശി മൗസ മെഹറീസ് വാടകവീട്ടില്‍ തൂങ്ങിമരിച്ചത്.
രണ്ടാം വർഷ നിയമവിദ്യാർത്ഥിനിയാണ് മൗസ. വണ്ടി വാങ്ങി മറിച്ച് വിൽക്കുന്ന അൽഫാന്‍ പല വാഹനങ്ങളിലാണ് മൗസയെ കാണാനും എത്താറുള്ളത്. ഇയാളുടെ പേരിൽ മഹാരാഷ്ട്ര പൊലീസിലും കേസുണ്ട്. വലിയ തുകയുടെ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്. വയനാട് വൈത്തിരിയിൽവെച്ചാണ് അൽഫാനെ പിടികൂടിയത്. ഇയാളുടെ മേൽ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയിട്ടുണ്ട്. വിവാഹിതനായ അൽഫാനിന് ഒരു കുട്ടിയുമുണ്ട്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെയിലും ഒരു കൂസലുമില്ലാതെയാണ് അല്‍ഫാനെ കാണാനായത്.