കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്ത് സ്ഥാപിച്ച ഡിവൈഡറുകള്‍ അപകടഭീഷണിയാവുന്നു. നിരവധി പരാതികള്‍ ലഭിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ പരാതി പൂര്‍ണമായി തള്ളുകയാണ് പെരുവയല്‍ പഞ്ചായത്ത്.
കുറ്റിക്കാട്ടൂര്‍ അങ്ങാടിയില്‍ ഗതാഗതകുരുക്ക് പതിവായതോടെയാണ് നാലിടത്തായി വെവ്വേറെ ബസ് കാത്തിരുപ്പുകേന്ദ്രം നിര്‍മിച്ചത്. ഇതോടെ ഗതാഗതകുരുക്ക് ഒരു പരിധി വരെ ഒഴിഞ്ഞെങ്കിലും റോഡിലെ ഡിവൈഡറുകള്‍ തലവേദനയാവുകയാണ്. അങ്ങാടിയുടെ പടിഞ്ഞാറ് ഭാഗത്താണ് ബസ് ബേക്കുവേണ്ടി ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ഇതോടെ അപകടങ്ങള്‍ പതിവായി.
നിലവിലുള്ള ബസ് ബേക്ക് പകരം റോഡില്‍ നിന്ന് അല്‍പ്പം മാറി വലിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പരാതി പൂര്‍ണമായി തള്ളിയ പെരുവയല്‍ പഞ്ചായത്ത് ആക്ഷേപം ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് പ്രതികരിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് പൊലീസും പെരുവയല്‍ പഞ്ചായത്തും ചേര്‍ന്ന് ഡിവൈഡറുകളും ബസ് ബേയും ഒരുക്കിയത്.