ഏറ്റുമാനൂരില്‍ ട്രെയിനിനു മുന്‍പില്‍ ചാടി മരിച്ച ഷൈനിയുടേയും പെണ്‍കുഞ്ഞുങ്ങളുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നു. തലേദിവസം സ്കൂളില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന ദൃശ്യങ്ങളും പിറ്റേദിവസം പുലര്‍ച്ചെ അമ്മയ്ക്കൊപ്പം പള്ളിയിലേക്കെന്ന് പറഞ്ഞ് റെയില്‍വേ ട്രാക്കിലേക്ക് പോകുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്.
തലേദിവസം രണ്ടുപേരും സ്കൂള്‍ യൂണിഫോമില്‍ ആടിപ്പാടി വീട്ടിലേക്കു നടന്നുവരുന്ന ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം. സ്കൂളില്‍ നിന്നുവരുന്നതിന്റെ ക്ഷീണം എന്നതിനപ്പുറം കുട്ടിത്തത്തോടെ നടന്നുവരുന്ന കുഞ്ഞുങ്ങളെയാണ് ദൃശ്യങ്ങളില്‍ കാണാനാവുന്നത്. പിറ്റേ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നതും റോഡിലേക്ക് എത്തിയതോടെ അമ്മ മക്കളുടെ കൈപിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വളരെ വേഗത്തിലാണ് ഷൈനി കുഞ്ഞുങ്ങളെ കൈപിടിച്ച് നടക്കാന്‍ ശ്രമിക്കുന്നത്. ഇന്നാ അമ്മയും കുഞ്ഞുങ്ങളുമില്ലല്ലോയെന്നോര്‍ക്കുമ്പോള്‍ തീര്‍ത്തും ചങ്കുപിടഞ്ഞു പോകുന്ന കാഴ്ചയാണിത്.
മരിക്കാനാണ് പോകുന്നതെന്ന് ഷൈനി കുഞ്ഞുങ്ങളോട് വീട്ടില്‍ നിന്നും ഇറങ്ങുംമുന്‍പ് പറഞ്ഞോയെന്നത് സംശയമാണ്. എങ്കിലും ട്രാക്കിനടുത്തേക്ക് പോകുന്നതിനിടെ ഒരുപക്ഷേ ആ അമ്മ എല്ലാംപറഞ്ഞ് മക്കളെ ബോധ്യപ്പെടുത്തിക്കാണും, അതാവും അത്രമേല്‍ ഉറപ്പോടെ അമ്മയെ കൂട്ടിപ്പിടിച്ച് ആ പൊന്നുമക്കള്‍ മരണത്തിനു മുന്‍പില്‍ നിന്നത്. അതേസമയം തലേ ദിവസം ചേട്ടനെ വിളിച്ച് ചേട്ടായീ നമ്മളിനി കാണില്ല, ഞങ്ങള് പോവാണെന്ന് പറഞ്ഞെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
ഷൈനിയുടേയും മക്കളുടേയും മരണത്തില്‍ ഭര്‍ത്താവ് നോബി ലൂക്കോസ് അറസ്റ്റിലാണ്. മകളുടെ മരണത്തിനു കാരണം നോബിയാണെന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റത്തിനുള്‍പ്പെടെ കേസ് എടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയകളിലും നോബിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.