കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബു കൈക്കൂലിവാങ്ങി എന്നതിന് തെളിവൊന്നും ഇല്ലെന്ന് ലാന്‍ഡ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. കലക്ടറോ ഏതെങ്കിലും ഉദ്യോഗസ്ഥരോ പി.പി.ദിവവ്യയെ നവീന്‍റെ യാത്രയയപ്പു യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. ആസൂത്രിതമായാണ് പി.പി.ദിവ്യ യോഗത്തിന് എത്തിയതാണെന്നും എ.ഗീത ഐ.എ.എസ് നല്‍കിയ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു
കലക്ടറോ മറ്റ് ഉദ്യോഗസ്ഥരോ ക്ഷണിക്കാതെയാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന പി.പി.ദിവ്യ എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് എത്തിയത്. യോഗത്തിലേക്ക് ദിവ്യയെ വിളിച്ചിരുന്നില്ലെന്ന് കലക്ടറും അസോസിയേഷന്‍ സെക്രട്ടറിയും ലാന്‍ഡ് റവന്യൂ ഡോയിന്‍റ് കമ്മിഷണറെ അറിയിച്ചു. മാത്രമല്ല യോഗം തുടങ്ങും മുന്‍പ് ദിവ്യയുടെ സഹായി കലക്ടറുടെ ഒാഫീസില്‍ പലതവണ വിളിച്ച് യോഗം ആരംഭിച്ചോ എന്ന് അന്വേഷിക്കുകയും ചെയ്തു. യാത്ര അയപ്പു തുടങ്ങുന്നതിന് അല്‍പ്പം മുന്‍പ് പി.പി. ദിവ്യ കലക്ടറെ ഫോണില്‍വിളിച്ച് കലക്ടറ്റിലേക്ക് വരികയാണെന്ന് പറഞ്ഞു, വേണ്ട എന്ന് ആവശ്യപ്പെട്ടതായാണ് കലക്ടര്‍ അരുണ്‍ കെ.വിജയന്‍റെ മൊഴി.
പിന്നീടാണ് യോഗത്തിനെത്തുന്നതും ഈവഴിപോകുകയായിരുന്നു എന്നു പറഞ്ഞ്, പിപിദിവ്യ വിവാദ പ്രസംഗം നടത്തുന്നതും. ആസൂത്രിതമായിരുന്നു പി.പി ദിവ്യയുടെ ക്ഷണിക്കപ്പെടാതെയുള്ള വരവും വാക്കുകളും എന്നാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. പരിപാടി ചിത്രീകരിക്കാൻ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്ന് പറയുന്ന കണ്ണൂർ വിഷൻ പ്രതിനിധികളുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.
നവീന്‍ബാബു കൈക്കൂലിവാങ്ങിയതിനോ ഫയല്‍ വെച്ചുതാമസിപ്പിച്ചതിനോ ഒരുതെളിവുമില്ലെന്നും റിപ്പോര്‍ട്ട് അടിവരയിട്ടു പറയുന്നു. നവീന്‍ ബാബുവിന്‍റെ മരണം അതിലേക്ക് നയിച്ച കാര്യങ്ങള്‍ എന്നിവയെ കുറിച്ച് വിശദമായ പൊലീസ് അന്വേണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.