കോഴിക്കോട് താമരശേരിയിൽ പോലീസിനെ കണ്ട് എംഡിഎംഎ അടങ്ങിയ കവർ വിഴുങ്ങിയതിനെത്തുടർന്നു മരിച്ച ഷാനിദിന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. രാവിലെ പത്തരയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആണ് പോസ്റ്റ്മോർട്ടം നടക്കുക. എംഡിഎംഎ ശരീരത്തിൽ കലർന്നതാണോ മരണ കാരണമെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമാകും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്ന ഷാനിദ് ഇന്നലെ രാവിലെയാണ് മരിച്ചത്.
ലഹരിപ്പൊതി വിഴുങ്ങിയെന്ന് ഷാനിദ് തന്നെയാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്.അപകടം മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഈ പൊതികളിൽ വെളുത്ത തരിപോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു.