ശബരിമല സന്നിധാനത്ത് ശ്രീകോവിലിന് നേരെ ചെന്നുള്ള പുതിയ ദര്‍ശന രീതി വെള്ളിയാഴ്ച മുതല്‍. ഇതിനായുള്ള ജോലികള്‍ രണ്ടുദിവസത്തിനകം പൂര്‍ത്തിയാകും എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു. ഭക്തന് ഇരുപത് സെക്കന്‍ഡോളം ദര്‍ശനം ലഭിക്കുന്ന രീതിയാണ് പരീക്ഷിക്കുന്നത്.
ഇരുമുടിയുമായി പതിനെട്ടാംപടികയറി വരുന്ന തീര്‍ഥാടകര്‍ കൊടിമരച്ചുവട്ടിലൂടെ ബലിക്കല്‍പ്പുര വഴി നേരെ ശ്രീകോവിലിനു മുന്നില്‍. ഇതാണ് പുതിയ ദര്‍ശന രീതി. ഒന്നോ രണ്ടോ സെക്കന്‍ഡ് മാത്രം ദര്‍ശനം കിട്ടുന്ന രീതി മാറ്റിയാണ് പുതിയ പരീക്ഷണം. മീനമാസ പൂജയ്ക്കായി നടതുറക്കുന്ന വെള്ളിയാഴ്ച വൈകിട്ട് ട്രയല്‍ റണ്‍ തുടങ്ങും. ഇതിനായുള്ള പണി അവസാനഘട്ടത്തിലാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞു.
ഇരുമുടിയില്ലാതെ വരുന്നവര്‍ വടക്കുഭാഗത്ത് കൂടി ശ്രീകോവിലിന് മുന്നില്‍ വന്ന് തൊഴുതുപോകുന്ന പഴയ രീതി തുടരും. ശ്രീകോവിലിന് മുന്നിലെ ഒന്നാം നിര അഷ്ടാഭിഷേകം അടക്കമുള്ള പ്രധാന വഴിപാടുകാര്‍ക്ക് ആയിരിക്കും. ബലിക്കല്‍പ്പുര വഴി രണ്ടു വരിയായി തീര്‍ഥാടകരെ തിരിക്കാനുള്ള പ്ലാറ്റ്ഫോമിന്‍റെ പണിയാണ് നടക്കുന്നത്. തീര്‍ഥാടകരെ വേര്‍തിരിക്കാന്‍ സ്റ്റീല്‍ കാണിക്ക വഞ്ചികളും സ്ഥാപിച്ചുകഴിഞ്ഞു. പുതിയ ദര്‍ശന രീതി വന്നാലും സോപാനത്തെ മേല്‍പ്പാലം ഉടന്‍ പൊളിക്കില്ല. ഈ പാലം പൊളിക്കണമെന്ന് ദേവപ്രശ്ന വിധി ഉള്ളതാണ്.