ചോറ്റാനിക്കര ക്ഷേത്രത്തില്‍ മകം തൊഴല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 9.30 വരെയാണ് നട തുറക്കുക. സുരക്ഷാക്രമീകരണങ്ങള്‍ക്കായി 800ലധികം പൊലീസുകാരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. സര്‍വാഭരണ വിഭൂഷിതയായി അഭയവരദ മുദ്രകളോടെ ദേവി വില്വമംഗലം സ്വാമിയാര്‍ക്ക് ദര്‍ശനം നല്‍കിയതിനെ അനുസ്മരിച്ചാണ് മകം തൊഴല്‍.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി നാളെ ആടയാഭരണങ്ങളും പട്ടുടയാളകളും അണിഞ്ഞ് ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്‍കും. രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിലെ ആറാട്ടിന് ശേഷമാണ് മകം എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് 2ന് നെയ് വിളക്കില്‍ തിരിതെളിച്ച് ദര്‍ശനത്തിനായി നടതുറക്കും.
സ്ത്രീകള്‍ക്ക് പടിഞ്ഞാറേ നടയിലൂടെയും പുരുഷന്‍മാര്‍ക്കും കുടുംബമായി എത്തുന്നവര്‍ക്കും വടക്കേ പൂരപ്പറമ്പിലൂടെയും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാം. ഒന്നര ലക്ഷം ഭക്തരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.15ന് രാത്രി കീഴ്ക്കാവില്‍ നടക്കുന്ന അത്തം വലിയ ഗുരുതിയോടെ ഉല്‍സവം സമാപിക്കും.