ജോർദ്ദാനിൽ വെടിയേറ്റു മരിച്ച തിരുവനന്തപുരം തുമ്പ സ്വദേശി തോമസിന്റെ മൃതദേഹം സംസ്കരിച്ചു. തുമ്പ സെന്റ് ജോൺസ് ബാപ്റ്റിസ് ചർച്ചിൽ സംസ്‍കാര ചടങ്ങുകൾ പൂർത്തിയായി. ഫെബ്രുവരി പത്തിനാണ് ജോർദ്ദാൻ- ഇസ്രയേൽ അതിർത്തിയിൽ വച്ച് ജോർദാനിയൻ സേനയുടെ വെടിയേറ്റ് തോമസ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച തോമസിന്റെ മൃതദേഹം രാവിലെ ആറരയോടെയാണ് തുമ്പയിലെ വീട്ടിലെത്തിച്ചത്. മന്ത്രി ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബിജപി നേതാവ് വി മുരളിധരൻ അടക്കമുള്ളവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. സംഭവം ദൗർഭാഗ്യകരമാണെന്നും എന്താണ് ഉണ്ടായതെന്ന് അറിയാൻ അന്വേഷണം ആവശ്യപ്പെട്ട് ഇടപെടൽ നടത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ഫെബ്രുവരി പത്തിന് കൊല്ലപ്പെട്ട തോമസിന്റെ മൃതദേഹം ഒരു മാസത്തിന് ശേഷമാണ് നാട്ടിൽ എത്തിക്കനായത്. തോമസ് അടക്കം നാല് പേരാണ് ഇസ്രായേലിലേക്ക് പോകാനായി ഫെബ്രുവരി അഞ്ചിന് ജോർദാനിൽ എത്തിയത്. മൂന്ന് മാസത്തെ സന്ദർശക വിസയിലാണ് ഇവർ ജോർദാനിൽഎത്തിയത്. പത്തിന് രാവിലെ ജോർദാനിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് ഇസ്രയേലിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് ജോർദാനിയൻ അതിർത്തി സേന ഇവർക്ക് നേരെ വെടിയുതിര്‍ത്തത്. വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കാര ചടങ്ങുകൾ നടന്നു.