ഏറ്റുമാനൂരിൽ രണ്ട് പെണ്‍മക്കളുമായി ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കിയ ഷൈനി കുടുംബശ്രീയിൽ നിന്നും പണം വായ്പയെടുത്തത് ഭർത്താവ് നോബിയുടെ പിതാവിന്റെ ചികില്‍സയ്ക്കും വീട് പുതുക്കുന്നതിനുമായിട്ടാണെന്ന് കുടുംബശ്രീ അംഗങ്ങള്‍. ഷൈനി അംഗമായിരുന്ന പുലരി കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റ് ഉഷ രാജുവിന്‍റേതാണ് വെളിപ്പെടുത്തല്‍. മുടക്കമില്ലാതെ ഷൈനി പണമടച്ച് വന്നിരുന്നതാണ്. വീട്ടില്‍ നിന്നും പോയതോടെ പണം അടയ്ക്കാതെയായി. നോബിയും കുടുംബവും പണം തിരിച്ചടയ്ക്കില്ലെന്ന് പറഞ്ഞു. ഇതോടെ കേസ് കൊടുക്കാൻ ഷൈനി ആവശ്യപ്പെട്ടെന്നും കുടുംബശ്രീക്കാരാണ് ഒടുവില്‍ വായ്പ തിരിച്ചടച്ചതെന്നും ഉഷ പറയുന്നു. ഷൈനിയുടെ പേരിലുള്ള വാഹനങ്ങൾ തിരിച്ചു തന്നാൽ മാത്രം പണമടയ്ക്കാമെന്ന് ഭർത്താവ് നോബിയും കുടുംബവും പറഞ്ഞെന്നും അവര്‍ വെളിപ്പെടുത്തി.
കടുത്ത മാനസിക പീഡനമാണ് ഭര്‍തൃവീട്ടില്‍ ഷൈനി നേരിട്ടത്. ഗത്യന്തരമില്ലാതെ വന്നതോടെ മക്കളുമായി ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്ന് അടുത്തബന്ധുക്കള്‍ പറയുന്നു. ജീവനൊടുക്കുന്നതിന് മണിക്കൂറുകൾ മുൻപ് ഷൈനിയെ നോബി വിളിച്ചിരുന്നതായി ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒന്‍പത് മാസം മുന്‍പ് ഭർതൃവീട്ടുകാർ ഷൈനിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടുവെന്നും പിതാവ് പൊലീസിനോട് വിശദീകരിച്ചിരുന്നു.
ഫെബ്രുവരി 28 നാണ് കോട്ടയം–നിലമ്പൂര്‍ എക്സ്പ്രസിന് മുന്നില്‍ ചാടി ഷൈനിയും മക്കളായ ഇവാനയും അലീനയും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഹോണ്‍ മുഴക്കിയിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് വെളിപ്പെടുത്തിയിരുന്നു.