ഗാന്ധി എങ്ങനെയാണ് മരിച്ചതെന്ന് രാജ്യത്ത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും അത് വീണ്ടും വീണ്ടും പഠിപ്പിക്കേണ്ട കാര്യമില്ലെന്നുമുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ വിശദീകരണത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും ഈ ന്യായീകരണത്തിന്റെ ഉറവിടം ഗാന്ധിയോടും അദ്ദേഹത്തിന്റെ ആശയങ്ങൾ പുതുതലമുറയിൽ ചെലുത്തുന്ന സ്വാധീനത്തോടുമുള്ള വെറുപ്പാണെന്നും റിയാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ഗാന്ധിജിയെ കൊന്നു കൊന്ന് കൊതി തീരാത്തവരെ കേൾക്കുക…’ എന്നെഴുതിയാണ് റിയാസ് കുറിപ്പ് പങ്കുവച്ചത്.
ഇന്ത്യയുടെ മഹത്തായ സ്വാതന്ത്ര്യസമര കാലഘട്ടത്തെ കുറിച്ചും മഹാത്മാ ഗാന്ധി പകർന്ന് നൽകിയ മൂല്യങ്ങളെയും ആദർശങ്ങളെയും കുറിച്ച് മനസ്സിലാക്കാനും, അവയെ കുറിച്ച് ആഴത്തിൽ പഠിക്കാനും രാജ്യത്തെ പുതുതലമുറയ്ക്ക് അവകാശമുണ്ട്. അരാഷ്ട്രീയതയും വെറുപ്പും മതവർഗീയതയും ഭരിക്കുന്ന പുതിയ കാലത്ത് അവർ അതാഗ്രഹിക്കുന്നുണ്ടെന്നും മന്ത്രി കുറിച്ചു. ഗാന്ധിയെ വെടിവെച്ചുകൊന്നത് ആർഎസ്സ്എസ്സുകാരനായ നാഥുറാം വിനായക് ഗോഡ്‌സെയും കൂട്ടരുമാണെന്ന് ഞങ്ങൾ ഉറക്കെ പറയും. രാജ്യത്തെ ഒറ്റുകൊടുത്തവരുടെ ചരിത്രം പഠിക്കാൻ പുതുതലമുറ തയ്യാറാവില്ല. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭരിക്കുന്ന സര്‍ക്കാരിനും എതിരായ ഒരു കാര്യവും സിലബസിൽ ഉണ്ടാകില്ലെന്ന് മന്ത്രി പറയുമ്പോള്‍ ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് ഞങ്ങൾ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നും മുഹമ്മദ് റിയാസ് പോസ്റ്റിലൂടെ പറയുന്നു.
രാജ്യസഭയിൽ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള ചർച്ചകൾക്കുള്ള മറുപടിയിലായിരുന്നു ധർമേന്ദ്ര പ്രധാന്‍റെ പ്രസ്താവന. ‘ഗാന്ധി വധം 2005 ലാണ് സിലബസിൽ ഉൾപ്പെടുത്തുന്നത്. അത് എന്തിനാണ് ചെയ്‌തതെന്ന് ആലോചിച്ചാൽ മനസ്സിലാകും. ഗാന്ധി എങ്ങനെയാണ് മരിച്ചതെന്ന് എല്ലാവർക്കും അറിയാം. അതിനെ വീണ്ടും പഠനവിഷയമാക്കുന്നത് ശരിയാണോ? ഗാന്ധി വധത്തിന് പിന്നിൽ ബ്രാഹ്മണരാണെന്നാണ് പറയുന്നത്. അവര്‍ മാത്രമാണോ പിന്നിലുണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം അവഹേളിക്കുന്നത് ശരിയാണോ?’ ധർമേന്ദ്ര പ്രധാൻ രാജ്യസഭയിൽ ചോദിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭരിക്കുന്ന സർക്കാരിനും എതിരായ ഒരു കാര്യവും സിലബസിൽ ഉണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു.