നിസാരമെന്ന് കരുതി നമ്മള്‍ വിട്ടുകളയുന്ന പലതും പിന്നീട് വലിയ ഗുരുതര പ്രശ്നങ്ങളാകാറുണ്ട്. ഇപ്പോഴിതാ, ഒരു വർഷത്തിലേറെയായി ശ്വാസ തടസ്സവും നെഞ്ചുവേദനയും അനുഭവിക്കുന്നതിന്‍റെ കാരണം കേട്ട് ഞെട്ടിയിരിക്കുകയാണ് 64 കാരന്‍. കൊച്ചിയിലാണ് സംഭവം.
64കാരനായ അബ്ദുൽ വഹാബ് ഒരു വർഷത്തിലേറെയായി ശ്വാസ തടസ്സവും നെഞ്ചുവേദനയും കാരണം ദുരിതം അനുഭവിക്കുകയായിരുന്നു. ആയുര്‍വേദം, അലോപതി തുടങ്ങി മരുന്നുകള്‍ മാറി മാറി ഉപയോഗിച്ചു, പല പല ആശുപത്രികളില്‍ ചികില്‍സ തേടി. എന്നാല്‍ തന്‍റെ അസുഖത്തിന് യാതൊരു കുറവോ മാറ്റമോ ഉണ്ടായില്ല. ഇനി വല്ല ട്യൂമറാണോയെന്ന് കരുതി അതിനുള്ള ചികില്‍സയും ചെയ്തു. എന്നിട്ടും ഫലം നിരാശ തന്നെ.
ഒടുവില്‍ കൊച്ചി വി പി എസ് ലേക്‌ഷോര്‍ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ യഥാര്‍ഥ കാരണം കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തൊണ്ടയ്ക്കുള്ളില്‍ കുടുങ്ങിയ മുള്ളാണ് അബ്ദുൽ വഹാബിന്‍റെ ശ്വാസ തടസ്സത്തിന്‍റെയും നെഞ്ചുവേദനയുടെയും യഥാര്‍ഥ കാരണം. മീൻമുള്ള് നീക്കം ചെയ്തതോടെ അബ്ദുൽ വഹാബിന്റെ നെഞ്ചുവേദനയും ശ്വാസതടസ്സവും മാറി. വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് പൾമണോളജിസ്റ്റ് ഡോ. മുജീബ് റഹ്മാനാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.