alappuzha-train-accident

TOPICS COVERED

ആലപ്പുഴ തകഴിയിൽ അമ്മയും പതിനഞ്ച് വയസുള്ള മകളും ട്രെയിന് മുന്നിൽ ചാടി മരിച്ചു. പഞ്ചായത്ത് വകുപ്പ് ജീവനക്കാരി തകഴി  കേളമംഗലം തെക്കേടം വീട്ടിൽ  പ്രിയ, മകൾ കൃഷ്ണപ്രിയ എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നമാണ് മരണ കാരണമെന്ന് സൂചന.

തകഴി ആശുപത്രി ലെവൽ ക്രോസിന് സമീപം ആയിരുന്നു അപകടം. സ്കൂട്ടറിൽ എത്തിയ ഇവർ സ്കൂട്ടർ റോഡിൽ വച്ചിട്ട് ട്രാക്കിലേക്ക് നടന്നു കയറുകയായിരുന്നു. ആലപ്പുഴ - കൊല്ലം മെമു ടെയിനു മുന്നിലാണ് ആണ് ഇവർ ചാടിയത്. കുട്ടനാട്ടിലെ  വീയപുരം പഞ്ചായത്തിൽ ഹെഡ് ക്ലർക്കായി ജോലി ചെയ്തിരുന്ന പ്രിയയ്ക്ക് മലപ്പുറത്തേക്ക് ജോലി മാറ്റം ആയിരുന്നു.

ഭർത്താവ് മഹേഷ് ഓസ്ട്രേലിയയിൽ ആണ് ജോലി ചെയ്യുന്നത്. ജോലി രാജിവച്ച് ഓസ്ട്രേലിയക്ക് ചെല്ലാൻ ഭർത്താവ് നിർബന്ധിച്ചിരുന്നു. പ്രിയ ഇതിന് തയാറായിരുന്നില്ല.  ഇതേച്ചൊല്ലി ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതാകാം മരണകാരണമെന്ന് സംശയമുണ്ട്. 

ഉച്ചവരെ അമ്മയും മകളും പഞ്ചായത്ത് ഓഫീസിൽ  ഉണ്ടായിരുന്നു. അതിനു ശേഷമാണ് ഇരുവരും തകഴിയിലേക്ക് വന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന മകൾ കൃഷ്ണപ്രിയയുടെ പരീക്ഷ നടക്കുന്നതിനാൽ പ്രിയയ്ക്ക് ഏറെ ഉത്കണ്ഠ ഉണ്ടായിരുന്നു. ഇത് പലരോടും പങ്കുവച്ചിരുന്നു. അച്ഛനും അമ്മയും സഹോദരനും നേരത്തെ  മരിച്ചതിനാൽ തനിക്ക് ആരുമില്ല എന്ന വിഷമവും പലരോടും സങ്കടത്തോടെ പറഞ്ഞിരുന്നു. വീട്ടിൽ അമ്മയും മകളും തന്നെയാണ് താമസം. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തും