തിരുവനന്തപുരം നഗരം പൊങ്കാലയുടെ ഉത്സവാഘോഷങ്ങളിലാണ്. എന്താണ് ഏറെ പ്രത്യേകതയുള്ള ഈ ആചാരത്തിന് പിന്നിലെ ഐതിഹ്യമെന്ന് അറിയുമോ? സംഘകാലത്തോളം പഴക്കമുണ്ട് ആ ഐതിഹ്യത്തിന്. കോപാഗ്‌നിയില്‍ മധുര ചുട്ടെരിച്ച് ചേരരാജ്യത്തേക്ക് കാല്‍നടയായി എത്തിയ കണ്ണകിയുടെ കഥയാണത്. ഏറെദൂരം നടന്ന് തളര്‍ന്ന് എത്തിയ യുവതിയെ കണ്ടതും തിരുവനന്തപുരം കിള്ളിയാറിന് സമീപമുള്ള സ്ത്രീകള്‍ അവര്‍ക്ക് വിശ്രമിക്കാന്‍ സ്ഥലവും വെള്ളവും ഭക്ഷണവും നല്‍കിയെന്നും, സങ്കടവും കോപവും ശമിച്ച കണ്ണകി അവരെ ഉള്ളു നിറഞ്ഞ് അനുഗ്രഹിച്ചുവെന്നുമാണ് ഐതിഹ്യം.
തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ വീടുകളില്‍ വെള്ളിയും ചൊവ്വയും ദിവസങ്ങളില്‍ പൊങ്കാലയിടുന്ന രീതി പണ്ടുമുതലേ ഉണ്ടായിരുന്നു. ദേവീ പ്രീതിക്കായാണ് വീട്ടുമുറ്റത്ത് പായസവും ചോറും വഴനഅപ്പവും അടയും മറ്റും ഉണ്ടാക്കിയിരുന്നത്. അത് വീട്ടുകാര്‍ക്ക് മാത്രമല്ല, അയല്‍പക്കത്തുള്ളവര്‍ക്കും ആ പരിസരത്തെവിടെയെങ്കിലും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്കും നല്‍കും. ഭക്തിപൂര്‍വ്വം ആചരിച്ചിരുന്ന പൊങ്കാലയില്‍ സഹജീവി സ്‌നേഹവും പ്രതിഫലിച്ചിരുന്നു.
എണ്‍പതുകള്‍ മുതലാണ് ആറ്റുകാലിലെ പൊങ്കാല വിപുലീകരിക്കപ്പെട്ടത്. ആദ്യം ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക്, പിന്നീട് അത് നഗരത്തിന്‍റെ മധ്യത്തേക്കെത്തി. ഇപ്പോഴാകട്ടെ ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയടുപ്പുകള്‍ നിരക്കുന്നു. ലക്ഷക്കണക്കിന് ഭക്തരാണ് തിരുവനന്തപുരം നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ സംഗമമായി ഇത് മാറുകയാണ്.
തമിഴ്നാട്ടിലും പൊങ്കാല എന്ന ചടങ്ങുണ്ട്. തമിഴ്‌നാടും കടന്ന് കണ്ണകി ആരാധന ശ്രീലങ്കയിലേക്കും കടന്നിട്ടുണ്ട്. ഹിന്ദു-ബുദ്ധ വിശ്വാസികള്‍ ഒരുപോലെ കണ്ണകിയെ ആരാധിക്കുന്നുണ്ട്. കിഴക്കന്‍ ശ്രീലങ്കയിലെ തീരപ്രദേശങ്ങളിലാണ് കണ്ണകി ആരാധന കൂടുതല്‍ കാണാനാവുക.
ദുര്‍ഗ, ഭുവനേശ്വരി, ഭഗവതി, മാരിയമ്മന്‍, മഹാകാളി ഇങ്ങനെ പലഭാവങ്ങളിലുള്ള ദേവീ ആരാധന കേരളത്തിലെമ്പാടും നിലനിന്നിരുന്നു. കണ്ണകി ആരാധന കേരളത്തില്‍ വളരെ പെട്ടെന്ന് ദേവീ ആരാധനയുമായി അലിഞ്ഞു ചേരുകയായിരുന്നു. കണ്ണകിയെ ദേവിയുടെ അവതാരമായി കണ്ട് ആറ്റുകാലിലും കൊടുങ്ങല്ലൂരും പൂജിച്ചുവരുന്നു. അമ്മദൈവങ്ങള്‍ ശക്തിയുടെയും നൈര്‍മല്യത്തിന്‍റെയും രൂപങ്ങളിലാണ് ആരാധിക്കപ്പെടുന്നത്. ഭദ്രയും ദേവിയും, ശക്തിയും ക്ഷമയും , ജ്യേഷ്ഠത്തിയും അനുജത്തിയും ആയ രൂപങ്ങളില്‍ ഭാവങ്ങളില്‍ കന്യാകുമാരിയിലെ മണ്ടൈക്കാടു തുടങ്ങി കേരളത്തിലെമ്പാടും രൗദ്ര, ശാന്തഭാവങ്ങളില്‍ ആരാധിക്കപ്പെടുന്നു ദേവി. ഇതിന്‍റെ സമ്മിശ്ര രൂപമാണ് കണ്ണകി ആരാധനയില്‍ തെളിയുന്നത്.
ഭര്‍ത്താവായ കോവലനെ അന്യായമായി കൊന്ന പാണ്ഡ്യരാജാവിന്‍റെ ഇരിപ്പിടമായ മധുര ചുട്ടു ചാമ്പലാക്കിയ രൗദ്രഭാവം, സ്‌നേഹവും ആതിഥ്യവും സ്വീകരിച്ചപ്പോള്‍ നിറഞ്ഞ സൗമ്യഭാവം. ഇതിന്‍റെ സമ്മേളനമാണ് ആറ്റുകാലിലെ ദേവീ വിശ്വാസം. സകലപാപങ്ങളെയും തെറ്റുകളെയും ക്രൂരതയെയും അസത്യത്തെയും നശിപ്പിക്കുന്ന ഘോര രൂപിണി, ഭക്ത്യാദരപൂര്‍വ്വം പ്രാര്‍ഥിക്കുന്നവരെ കരുണയോടെ കടാക്ഷിക്കുന്ന അമ്മ. ആറ്റുകാല്‍ക്ഷേത്രത്തിലെ തോറ്റംപാട്ടിന്‍റെ വരികള്‍ ഈ വിശ്വാസ ലയനത്തിന്‍റെ കഥ കൂടിയാണ്.
തിരുവനന്തപുരം, കന്യാകുമാരി, കൊല്ലം എന്നിങ്ങനെ പഴയ തിരുവിതാംകൂറിന്‍റെ ഭാഗങ്ങളില്‍ അമ്മയെ അമ്മച്ചിയെന്നു വിളിക്കും. ആറ്റുകാലിലെ അമ്മയും ഈ നാട്ടുകാര്‍ക്ക് അമ്മച്ചിയാണ്. കുടുംബാഗത്തോടെന്നപോലെയാണ് അവര്‍ ദേവിയോട് സംസാരിക്കുന്നതും പ്രാര്‍ഥിക്കുന്നതും. ഇങ്ങനെയൊരു ഇഴയടുപ്പവും പൊങ്കാലയുടെ മധുരം കൂട്ടുന്നു .
ഉത്തമയായ ഭാര്യ, പതിവ്രത, സര്‍വഗുണ സമ്പന്ന എന്നീ നിലകളിലാണ് കണ്ണകി ആരാധനാമൂര്‍ത്തിയായതെന്ന് ഒരു ഭാഷ്യമുണ്ട്. എന്നാല്‍ തെറ്റിനെ സംഹരിക്കുന്ന, ഒരു വ്യവസ്ഥിതിയെതന്നെ ചുട്ടെരിക്കുന്ന, സര്‍വ്വശക്തയായ സ്ത്രീയുമാണ് കണ്ണകി. ഭര്‍ത്താവിന്‍റെ മരണത്തോടെ നിശ്ശബ്ദയായി ഒതുങ്ങിപോയില്ല കണ്ണകി. പകരമോ പ്രപഞ്ചശക്തിയായി മാറുകയാണ് അവര്‍. ഒരു നഗരം കത്തിച്ചാമ്പലാക്കിയ ഒരുവള്‍ക്ക് മറ്റൊരു നഗരം സ്‌നേഹസ്പര്‍ശമാകുന്ന കഥ കൂടിയാണ് ആറ്റുകാല്‍മുന്നോട്ട് വെക്കുന്നത്. അനേകം അടുപ്പുകളിലും മനസ്സുകളിലും സങ്കടങ്ങള്‍ തിളച്ചുമറിയുമ്പോള്‍ അനുഗ്രഹം തീര്‍ഥമായി പെയ്തിറങ്ങുന്നു എന്ന വിശ്വാസവുമായി ഇത് ചേര്‍ത്തുവെക്കാം.