മകനോടൊപ്പം ക്ഷേത്രത്തില്‍ പോയ വീട്ടമ്മ ബൈക്കിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. ഇന്നലെ പുലർച്ചെ 4 മണിയോടെ തിരുവല്ലത്തിനും കുമരി ചന്തക്കുമിടയിലായിരുന്നു അപകടം. ആറാംകല്ല് എ.എസ് നിവാസിൽ സുമ (50) ആണ് മരിച്ചത്.
ഇളയ മകൻ അഭിരാജിനൊപ്പം നഗരത്തിലെ ക്ഷേത്ര ദർശനത്തിനായി ബൈക്കിൽ പോകവേയായിരുന്നു അപകടം. ബൈപ്പാസിലെ തിരുവല്ലം - അമ്പലത്തറ ഭാഗം റീടാർ ചെയ്യുന്നതിനായി റോഡിന് നടുവിൽ ഇരുമ്പ് ടാർ പാട്ടകൾ നിരത്തിയിട്ടിരുന്നു. ഇവിടെ വെളിച്ചം കുറവായതിനാല്‍, ടാർ പാട്ടയ്ക്ക് സമീപം ബൈക്ക് എത്തിയപ്പോഴാണ് അഭിജിത്ത് പാട്ടകൾ നിരത്തിയിരിക്കുന്നത് കണ്ടത്.
പെട്ടെന്ന് ഇതിൽ ഇടിക്കാതിരിക്കാനായി ബൈക്ക് ബ്രേക്ക് പിടിച്ചപ്പോള്‍, സുമ റോഡിൽ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ സുമയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കോവളം - വെള്ളാർ ബൈപാസിൽ തട്ടുകട നടത്തിവരികയായിരുന്നു സുമയുടെ കുടുംബം.