കോഴിക്കോട്ട് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു അലമാര തുറക്കുകയാണ്. കോംട്രസ്റ്റിലെ ആധാരം അടക്കമുള്ള രേഖകള്‍ സൂക്ഷിച്ച അലമാര തുറക്കാനാണ് നീക്കം. എന്നാല്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രേഖകളെടുക്കാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.
മുന്‍പും രണ്ടുതവണ അലമാര തുറക്കാനുള്ള ശ്രമം നടന്നിരുന്നു. അന്നും തൊഴിലാളികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ മടങ്ങി പോവുകയായിരുന്നു. കോംട്രസ്റ്റ് ഭൂമിയെക്കുറിച്ചുള്ള രേഖകള്‍ പുറത്തുവന്നാല്‍ വില്പന വേഗത്തിലാകുമെന്നും കോംട്രസ്റ്റ് നെയ്ത്തുശാല പൂര്‍ണമായും ഇല്ലാതാകുമെന്നും തൊഴിലാളികള്‍ ഭയപ്പെടുന്നു. കോംട്രസ്റ്റ് ഏറ്റെടുക്കല്‍ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. സര്‍ക്കാര്‍ വിജ്‍ഞാപനം ഇറക്കുകയും ചെയ്തു. എന്നാല്‍ ഏറ്റെടുക്കല്‍ എങ്ങുമെത്തിയില്ല.
കോംട്രസ്റ്റിന്‍റെ ഒരുഭാഗത്തിന്‍റെ അവകാശവുമായി മൂന്നുപേര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് കോടതി ഈ മാസം 25ന് പരിഗണിക്കും. അതിനിടെയുള്ള അലമാര തുറക്കല്‍ ന്യായമല്ലെന്നാണ് തൊഴിലാളികളുടെ വാദം. കോംട്രസ്റ്റിലെ സമരങ്ങള്‍ പുതുമയുള്ളതല്ല. രണ്ട് പതിറ്റാണ്ടിനോട് അടുക്കുന്ന സമരം അവസാനിക്കണം. അതിന് മുന്നണി ഭേദമില്ലാത്ത ഇടപെടലാണ് ഉണ്ടാകേണ്ടത്.