vilasini-clt-death
  • ഗൈനക്കോളജി വിഭാഗം മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
  • വിലാസിനിയുടെ ശസ്ത്രക്രിയ നടന്നത് മാര്‍ച്ച് ഏഴിന്
  • ഗര്‍ഭാശയം നീക്കി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കിടെ കുടല്‍ മുറിഞ്ഞെന്ന് കുടുംബം

കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനിയുടെ മരണത്തിൽ ചികില്‍സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിന്റെ വിശദീകരണം. കൃത്യസമയങ്ങളിൽ ആവശ്യമായ ചികില്‍സ നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഗൈനക്കോളജി വിഭാഗം മേധാവി സൂപ്രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചു. കുടുംബത്തിന്റെ ആരോപണത്തിൽ വിശദമായ പരിശോധനയ്ക്ക് പ്രിൻസിപ്പൽ അന്വേഷണ കമ്മറ്റിയെ നിയോഗിച്ചു. വകുപ്പ് മേധാവിമാരടങ്ങുന്ന മൂന്നംഗ കമ്മറ്റി രണ്ടുദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഗർഭാശയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ വിലാസിനി കുടൽ മുറിഞ്ഞു മരിച്ചത് ഡോക്ടർമാരുടെ ചികില്‍സാപ്പിഴവാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

മാര്‍ച്ച് നാലിനാണ് ഗര്‍ഭാശയം നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി വിലാസിനിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തത്. ഏഴാം തീയതിയായിരുന്നു സര്‍ജറി. സര്‍ജറി കഴിഞ്ഞ് വൈകിട്ട് മൂന്നുമണിയോടെ തിയേറ്ററില്‍ നിന്നും പുറത്തിറക്കി. സര്‍ജറി എല്ലാം സക്സസ് ആണ് എന്നാലും കുടലിന് ചെറിയൊരു പോറല്‍ വന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അത് കുഴപ്പമൊന്നുമില്ല, സ്റ്റിച്ച് ഇട്ടിട്ടുണ്ടെന്നും പറഞ്ഞു. സ്റ്റിച്ചിടാന്‍ മാത്രം വലിയ മുറിവാണോയെന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരോട് ചോദിച്ചു, കുടല്‍ ഒരു പ്രധാന അവയവമാണ് അതുകൊണ്ടാണ് സ്റ്റിച്ചിട്ടതെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചെന്ന് കുടുംബം പറയുന്നു.

പിറ്റേദിവസം വിലാസിനിയെ പേവാര്‍ഡിലേക്ക് മാറ്റി. അന്ന് കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം ഡോക്ടര്‍ റൗണ്ട്സിനു വന്നപ്പോള്‍ രോഗിക്ക് ഭക്ഷണമെല്ലാം കൊടുത്തുതുടങ്ങാന്‍ പറഞ്ഞു, ഇതുപ്രകാരം രാവിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ കടുത്ത വയറുവേദന വന്നു, അതുസാരമില്ല ഗ്യാസ് ആവുമെന്ന് പറഞ്ഞു ഡോക്ടര്‍ ഗുളിക നല്‍കി, ആശ്വാസം ഇല്ലാതെ വന്നപ്പോള്‍ പാരസെറ്റമോളിന്റെ ഡോസ് കൂട്ടി നല്‍കി, വൈകിട്ട് ആയതോടെ ഐസിയുവിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു.ടെസ്റ്റുകളെല്ലാം ചെയ്തെങ്കിലും പ്രത്യേകിച്ച് വിവരങ്ങളൊന്നും പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പിറ്റേദിവസം, തിങ്കളാഴ്ച രാവിലെ വന്ന് ചെറിയ ഇന്‍ഫക്ഷന്‍ ഉണ്ടെന്നറിയിച്ചു, അപ്പോഴേക്കും കടുത്ത ഗുരുതരമായ അവസ്ഥയിലേക്ക് മാറിയിരുന്നു. എമര്‍ന്‍സി സര്‍ജറി വേണമെന്ന് പറഞ്ഞു, രണ്ടുദിവസം മുന്‍പ് അനസ്തീസിയ നല്‍കിയതല്ലേയെന്ന ്ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്നായിരുന്നു മറുപടി. സര്‍ജറി വൈകിട്ട് കഴിഞ്ഞെങ്കിലും നാലുമണിക്കൂര്‍ കഴിഞ്ഞിട്ടും ബോധം വന്നില്ല. തുടര്‍ന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും മരണം സംഭവിച്ചുവെന്നുമാണ് കുടുംബം മനോരമന്യൂസിനോട് വെളിപ്പെടുത്തിയത്. 

ENGLISH SUMMARY:

Kozhikode Medical College's preliminary report indicates no medical negligence in Vilasini's death. In response to the family's allegations, the Principal has appointed an investigation committee for a detailed examination. This three-member committee, comprising department heads, is required to submit its report within two days. The family had alleged that Vilasini died due to medical negligence during a hysterectomy surgery, claiming that her intestine was injured during the procedure.