Image Credit: x.com/NASA
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ബുഷ് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള സ്പേസ് എക്സിന്‍റെ ക്രൂ 10 ദൗത്യം മുടങ്ങി. സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റ് വിക്ഷേപിക്കുന്നതിന് തൊട്ടുമുന്‍പാണ് സാങ്കേതിക തടസംകാരണം മുടങ്ങിയത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും പതിനാറാം തീയതി തിരികെയെത്തിക്കാമെന്ന പ്രതീക്ഷ മങ്ങി. ഒന്‍പത് മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന ഇരുവരേയും തിരികെയെത്തിക്കാന്‍ നാസയും സ്പേസ് എക്സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ ടെന്‍.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 5.18 ഓടെയാണ് പേടകം വിക്ഷേപിക്കാന്‍ സ്പേസ് എക്സ് ലക്ഷ്യമിട്ടിരുന്നത്. വിക്ഷേപണത്തിന്‍റെ ലൈവ് വെബ്കാസ്റ്റിങും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിക്ഷേപണത്തിന് മണിക്കൂറുകള്‍ മുന്‍പ് സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നുവെന്ന് സ്പേസ് എക്സ് വിശദീകരിച്ചു.
നാസ പറയുന്നതിങ്ങനെ..
ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്ന് വിക്ഷേപണം താല്‍കാലികമായി മാറ്റി വയ്ക്കുകയാണെന്ന് നാസയുടെ ലോഞ്ച് കമന്‍റേറ്റര്‍ ഡെറല്‍ നെയില്‍ വ്യക്തമാക്കി. റോക്കറ്റിനും പേടകത്തിനും തകരാറൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിക്ഷേപണത്തിന് നാല് മണിക്കൂര്‍ മുന്‍പ് മാത്രമാണ് സുപ്രധാന ഹൈഡ്രോളിക് സംവിധാനത്തിന്‍റെ തകരാര്‍ കണ്ടെത്താനായത്. കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. സ്ഥിതിഗതികള്‍ നാസ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ശാസ്ത്രജ്ഞര്‍ അറിയിച്ചു.
10 മണിക്കൂര്‍ നേരത്തെ യാത്രയ്ക്കൊടുവില്‍ സ്പേസ് എക്സിന്‍റെ ക്രൂ–10 ബഹിരാകാശത്തെത്തിച്ചേരുമെന്നാണ് നാസ പ്രതീക്ഷിച്ചിരുന്നത്. രണ്ട് ദിവസത്തെ 'ഹാന്‍ഡ് ഓവര്‍' പ്രക്രിയകള്‍ക്ക് ശേഷം 16–ാം തീയതിയോടെ സുനിതയെയും സംഘത്തെയും തിരികെ കൊണ്ടുവരാന്‍ കഴിയുമെന്നും നാസ വിശദീകരിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിച്ചാലും നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 17 വരെ പേടകത്തിന്‍റെ യാത്ര ഉണ്ടാവില്ലെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
രാജ്യാന്തര ബഹിരാകാശനിലയത്തിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുന്ന അമേരിക്കയുടെ നിക്ക് ഹോഗ്,റഷ്യയുടെ അലക്സാണ്ടർ ഗോർബാനോവ് എന്നിവർക്കൊപ്പം ഇരുവരും യാത്ര തിരിക്കുമെന്നായിരുന്നു നാസ നേരത്തെ അറിയിച്ചിരുന്നത്. 8 ദിവസത്തെ ദൗത്യത്തിനായി കഴിഞ്ഞ ജൂൺ 5 നാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിൽ ഇരുവരും യാത്രതിരിച്ചത്. ഹീലിയം ചോർച്ചയും ത്രസ്റ്ററുകള്‍ പണിമുടക്കിയതും കാരണം പേടകത്തിലുള്ള മടക്കയാത്ര ഒഴിവാക്കുകയിരുന്നു. ജോ ബൈഡൻ ഇരുവരെയും ബഹിരാകാശത്ത് ഉപേക്ഷിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരെത്തെ കുറ്റപ്പെടുത്തിയിരുന്നു.