നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ ബിജെപി– ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. കേരളത്തില്‍വച്ച് തനിക്കെതിരെ ആര്‍എസ്എസ് പ്രതിഷേധം പ്രതീക്ഷിച്ചില്ലെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തെ നിയമപരവും ജനാധിപത്യപരമായും നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ ഗോപിനാഥന്‍റെ പ്രതിമ അനാഛാദനം ചെയ്യാനെത്തിയപ്പോഴാണ് ഇന്നലെ തുഷാര്‍ ഗാന്ധിയുടെ വാഹനം തടഞ്ഞത്. ആര്‍എസ്എസിനെയും ബിജെപിയെയും നിരന്തരം ആക്രമിക്കുന്ന തുഷാറിനെ പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു വഴിതടയല്‍. കണ്ടാലറിയുന്ന ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സ്വമേധയായാണ് പൊലീസ് കേസ്. കേരളത്തിലുണ്ടായ ഈ പ്രതിഷേധം അപ്രതീക്ഷിതമെന്ന് തുഷാര്‍ഗാന്ധി.
ആര്‍എസ്എസിന്റേത് പരസ്യമായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിലെത്തുന്നവരുടെ വഴിതടയുന്ന നീക്കങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തുഷാര്‍ഗാന്ധി പറഞ്ഞത് സാമൂഹിക യാഥാര്‍ഥ്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കേരളത്തിന്റെ സമൂഹമനഃസാക്ഷി തുഷാര്‍ഗാന്ധിക്കൊപ്പമുണ്ടെന്നും വി.ഡി.സതീശന്‍ പറഞ്ഞു.