കളമശേരിയില്‍ പോളിടെക്നിക്ക് ഹോസ്റ്റലില്‍ കഞ്ചാവ് പിടിച്ചെടുത്തതില്‍ വിശദീകരണവുമായി പോളിടെക്നിക്ക് പ്രിന്‍സിപ്പല്‍ ഐജു തോമസ്. പൊലീസും എക്സൈസും നിരന്തരമായി കോളജുമായി ബന്ധപ്പെട്ടിരുന്നു. ആഘോഷങ്ങളില്‍ ലഹരി സാന്നിധ്യം പ്രതീക്ഷിക്കാറുണ്ടായിരുന്നതിനാല്‍ ആഘോഷ ദിവസങ്ങളില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകാറുണ്ട്. ഏതെങ്കിലും വിദ്യാര്‍ഥി സംഘടനകളെ കുറ്റപ്പെടുത്തുന്നില്ലെന്നും എല്ലാവരും ലഹരിക്കെതിരെ സഹകരിക്കാറുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. പുറമെ നിന്ന് ആളുകള്‍ വരാറുണ്ടോയെന്ന് വ്യക്തതയില്ലെന്നും പിടിയിലായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഹോസ്റ്റലില്‍ രണ്ട് ട്യൂട്ടേഴ്സുണ്ട്, അവര്‍ കുട്ടികളുടെ കാര്യത്തില്‍ കൃത്യമായി ഇടപെടുന്നുമുണ്ട്. പരിശോധന ഒറ്റപ്പെട്ട സംഭവമല്ല, നടക്കാനിരിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയതാണ്. വിദ്യാര്‍ഥി സംഘടനകളും യൂണിയനുമൊക്കെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ഒരു വിദ്യാര്‍ഥിയെ പിടിച്ചെന്നുകരുതി അതില്‍ സംഘടനകള്‍ക്കും യൂണിയനുമൊന്നും ബന്ധമില്ല.ആറ് മാസമായി ഇവിടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൊച്ചിയുടെ എല്ലാ പ്രശ്നങ്ങളും ഈ ക്യാംപസിനും ഉണ്ടാകുമല്ലോ. ലഹരിവസ്തുക്കളുടെ ലഭ്യതയെക്കുറിച്ചൊന്നും ധാരണയില്ല.
ആഘോഷങ്ങള്‍ക്കെല്ലാം ലഹരിയുടെ സാന്നിധ്യത്തിന് സാധ്യതയുണ്ട്. അതുകൊണ്ട് നമ്മള്‍ പൊലീസിനെ അറിയിക്കും. ഇത്തരം റെയിഡുകളെ വിദ്യാര്‍ഥി സംഘടനകളും യൂണിയനുമൊക്കെ അനുകൂലിക്കും. നിലവില്‍ ഒരു കുട്ടി അതില്‍ പെട്ടുപോയി. അതിനെ അങ്ങനെ കണ്ടാല്‍ മതി. വിദ്യാര്‍ഥി നേതാവെന്നൊന്നും കാണണ്ട. ഇതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടാണ് ഇങ്ങനെയൊരു ഓപ്പറേഷന്‍ നടത്തിയത്. നാളെ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യാനുള്ള കഞ്ചാവ് ഇന്ന് തന്നെ പിടിച്ചെടുത്തില്ലേ. 9 മണിക്ക് റെയ്ഡ് ഉണ്ടെന്ന് വിളിച്ച് പറഞ്ഞിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും ഇതൊക്കെ പിടിച്ച് കഴിഞ്ഞിരുന്നു. അതുകൊണ്ട് അവിടെ എന്താണ് നടന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല.
ലഹരിയുമായി പിടിയിലായത് അവസാന വര്‍ഷ വിദ്യാര്‍ഥികളാണ്. അവര്‍ക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന് അക്കാദമിക് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും. ഹോസ്റ്റലില്‍ പണപ്പിരിവ് നടന്നിട്ടില്ല, കോളജില്‍ നിന്നാണെന്നാണ് പൊലീസ് പറഞ്ഞത്. രണ്ട് കിലോ കഞ്ചാവ് ഹോസ്റ്റലില്‍ കൊടുക്കാനുള്ളതല്ല. ആകെ 60 പേരെയുള്ളു, അവരെല്ലാവരും ഇത് ഉപയോഗിക്കുന്നവരല്ല. ഇവിടെ എല്ലാ സുരക്ഷാസംവിധാനങ്ങളുമുണ്ട്. പക്ഷേ കുട്ടികളല്ലേ. രണ്ട് സ്ഥലത്ത് നിന്നാണ് ഇത് പിടിച്ചെടുത്തത്. ഒരു സ്ഥലത്ത് കുടുതല്‍ അളവില്‍ ഉണ്ടായിരുന്നു ഒരിടത്ത് കുറവായിരുന്നു. കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത രീതിയില്‍ നടപടിയെടുക്കും'- പ്രിന്‍സിപ്പല്‍ ഐജു തോമസ്.
ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ചത് കെ.എസ്.യു എന്നാണ് എസ്.എഫ്.ഐ വാദം. പിടിയിലായ എസ്.എഫ്.ഐ കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.അഭിരാജ് നിരപരാധിയെന്നും ഏരിയ പ്രസിഡന്‍റ് ദേവരാജ് പറഞ്ഞു. അഭിരാജിനെതിരെ പൊലീസ് കള്ളക്കേസെടുത്തു. അഭിരാജിനെ പെടുത്തിയതാണെന്നും പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്നുമാണ് എസ്.എഫ്.ഐ വാദം.