കളമശ്ശേരി പോളിടെക്നിക് കോളജിന്‍റെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചതിൽ രാഷ്ട്രീയ ആരോപണമുയർത്തി സംഘടനകൾ. കഞ്ചാവ് കൊണ്ടു വച്ചത് കെഎസ്‌യു നേതാക്കളാണെന്നും, ഇവർ ഒളിവിൽ ആണെന്നും എസ്എഫ്ഐ ആരോപിച്ചു. ആരോപണം നേരിട്ടെത്തി KSU നേതാക്കൾ നിഷേധിച്ചു. കേസുമായി കെഎസ്‌യുക്കാർക്ക് ബന്ധമുണ്ടെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യട്ടെ എന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചതിലെടുത്ത കേസിൽ എസ്.എഫ്.ഐ നേതാവും കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രാഷ്ട്രീയ ആരോപണ പ്രത്യാരോപങ്ങളും ആരംഭിച്ചത്. കോളജിലേക്ക് കഞ്ചാവ് കൊണ്ടുവന്നത് കെഎസ്‌യു നേതാക്കളാണെന്നും, ഇവർ ഒളിവിലാണെന്നുമായിരുന്നു എസ്എഫ്ഐയുടെ ആരോപണം.
എന്നാൽ ഒളിവിൽ ആണെന്ന് ആരോപിക്കപ്പെട്ട കെഎസ്‌യു നേതാക്കളായ ആദിലും അനന്തുവും 10 മിനിറ്റിനകം ക്യാമ്പസിനുള്ളിൽ നിന്ന് പ്രതികരിച്ചതോടെ എസ്എഫ്ഐ വാദം പൊളിഞ്ഞു. എന്നാൽ പ്രാദേശിക എസ്എഫ്ഐ നേതൃത്വത്തിന്റെ ആരോപണം സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ചു. കേസുമായി കെഎസ്‌യുക്കാർക്ക് ബന്ധമുണ്ടെങ്കിൽ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യട്ടെ എന്നും, കുറ്റക്കാരെ വെള്ളപൂശില്ലെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവിയർ വ്യക്തമാക്കി. വാദപ്രതിവാദങ്ങൾ തുടരുമ്പോഴും എവിടെ നിന്ന് കഞ്ചാവ് എത്തി എന്ന് കണ്ടെത്താനും, കൂടുതൽ അറസ്റ്റിനുള്ള നീക്കത്തിലാണ് പൊലീസ്