ഇടുക്കി ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ നടപടി. നാല് പട്ടയങ്ങൾ റദ്ദാക്കിയ റവന്യു വകുപ്പ് 13.79 ഏക്കർ ഭൂമി തിരിച്ചുപിടിച്ചു. കയ്യേറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാനും തീരുമാനിച്ചു. വ്യാജരേഖ ചമച്ച് ഭൂമി കയ്യേറിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് നടപടി. ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ഉൾപ്പെടുന്ന നാല് പട്ടയങ്ങൾ റദ്ദാക്കി.
കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും. കയ്യേറ്റക്കാർക്കെതിരെ കൃത്രിമ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും. കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖകൾ ചമച്ച് ഭൂമി കയ്യേറ്റം നടന്നതായി സ്ഥിരീകരിച്ചത്. പട്ടയത്തിന്‍റെ ഉത്ഭവത്തിൽ തന്നെ അപാകതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ ചൊക്രമുടിയിൽ 2O ഏക്കളോളം കയ്യേറിയാണ് അനധികൃത നിർമാണത്തിന് തുടക്കമിട്ടത്. നിർമാണ നിരോധനമുള്ള മേഖലയിൽ വീട് വയ്ക്കാൻ അനുമതി കൊടുത്തതിലും ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.